മാവാർ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴക്കു പിന്നാലെ ജപ്പാനിൽ ജാഗ്രതാ നിർദ്ദേശം. ജപ്പാൻ കാലാവസ്ഥാ ഏജൻസി (ജെഎംഎ) യാണ് ഇതു സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. രാജ്യത്തിൻറെ പടിഞ്ഞാറൻ-കിഴക്കൻ മേഖലയിൽ മണ്ണിടിച്ചിലിനും, ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്നാണ് കലാവസ്ഥാ കേന്ദ്രത്തിൻറെ പ്രവചനം.
ചുഴലിക്കാറ്റ് സൂപ്പർ ടൈഫൂൺ അവസ്ഥയിൽ നിന്നും ദുർബലമായെങ്കിലും കനത്ത മഴ രാജ്യത്ത് തുടരുകയാണ്. ഇതേ തുടർന്നാണ് പടിഞ്ഞാറൻ ജപ്പാനിൽ മണ്ണിടിച്ചിലിനും കിഴക്കൻ ജപ്പാനിൽ കനത്ത ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് ജെഎംഎ അറിയിച്ചത്. മേഖലയിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ജപ്പാനിലെ ഭൂരിഭാഗം പ്രദേശങ്ങളിലും അടുത്ത ദിവസം കാലാവസ്ഥ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി പബ്ലിക് ബ്രോഡ്കാസ്റ്ററായ എൻഎച്ച്കെ റിപ്പോർട്ട് ചെയ്തു.
അതേസമയം, മധ്യ ജപ്പാനിലെ ടൊയോഹാഷിയിൽ കനത്ത മഴയിൽ കാറിൽ വെള്ളം കയറിയതിനെ തുടർന്ന് ഒരാൾ മരിച്ചതായി ക്യോഡോ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ട്രെയിൻ സർവീസുകൾ നിർത്തിവച്ചതിനാൽ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിലെ 7,000 വീടുകളിൽ വൈദ്യുതിയില്ലെന്നാണ് വിവരം.