Thursday, April 3, 2025

ഇറാൻ ആയുധനിലവാരത്തിലുള്ള യുറേനിയം ശേഖരം വർധിപ്പിക്കുന്നതായി യു. എൻ.

ആണവപദ്ധതി നിയന്ത്രിക്കാനുള്ള അന്താരാഷ്ട്ര ആവശ്യങ്ങളെ ഇറാൻ ധിക്കരിക്കുകയും യുറേനിയം ശേഖരം ആയുധനിലവാരത്തിലേക്കു വർധിപ്പിക്കുകയും ചെയ്തതായി വെളിപ്പെടുത്തി ഐക്യരാഷ്ട്ര സഭയുടെ ആണവ നിരീക്ഷണസംഘം. ഒക്ടോബർ 26 ലെ കണക്കനുസരിച്ച്, ഇറാനിൽ 182.3 കിലോഗ്രാം (401.9 പൗണ്ട്) സംഭരിച്ചിട്ടുണ്ട്. ഇത് ഓഗസ്റ്റിലെ അവസാന റിപ്പോർട്ടിൽ നിന്ന് 17.6 കിലോഗ്രാം (38.8 പൗണ്ട്) വർധനവ് സൂചിപ്പിക്കുന്നു എന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

ഒക്ടോബർ 26 ലെ കണക്കനുസരിച്ച് ഇറാന്റെ മൊത്തം സമ്പുഷ്ട യുറേനിയം ശേഖരം 6,604.4 കിലോഗ്രാം (14,560 പൗണ്ട്) ആണെന്നും ഓഗസ്റ്റ് മുതൽ 852.6 കിലോഗ്രാം (1,879.6 പൗണ്ട്) വർധിച്ചതായും ഐ. എ. ഇ. എ. ത്രൈമാസ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഐ. എ. ഇ. എ. യുടെ നിർവചനപ്രകാരം, 60% പരിശുദ്ധിയിലേക്ക് സമ്പുഷ്ടീകരിച്ച 42 കിലോഗ്രാം (92.5 പൗണ്ട്) യുറേനിയം കൊണ്ട് ഒരു ആണവായുധം സൃഷ്ടിക്കാൻ സാധിക്കും.

ഇറാൻ പിന്തുണയ്ക്കുന്ന ഹമാസ് ഭരിക്കുന്ന ഗാസയിൽ ഒരു വർഷത്തിലേറെ നീണ്ട യുദ്ധത്തിനുശേഷം ഇസ്രായേലും ഇറാനും അടുത്ത മാസങ്ങളിൽ മിസൈൽ ആക്രമണങ്ങൾ നടത്തിയ നിർണ്ണായകസമയത്താണ് ഈ റിപ്പോർട്ടുകൾ വരുന്നത്. കൂടാതെ, ട്രംപിന്റെ പുതിയ ഭരണം ഈ വിഷയത്തെ എങ്ങനെ ബാധിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ടെഹ്റാനെതിരെ ‘പരമാവധി സമ്മർദം’ എന്ന നയം പിന്തുടർന്ന ട്രംപിന്റെ ആദ്യ ഭരണകാലം പ്രത്യേകിച്ചും പ്രശ്നകരമായ ഒരു കാലഘട്ടമായിരുന്നു. ലോകശക്തികളുമായുള്ള ഇറാന്റെ ആണവ കരാറിൽനിന്ന് അദ്ദേഹം ഏകപക്ഷീയമായി അമേരിക്കയെ പിൻവലിക്കുകയും ഇത് സമ്പദ്വ്യവസ്ഥയെ തടസ്സപ്പെടുത്തുന്ന ഉപരോധങ്ങളിലേക്കു നയിക്കുകയും രാജ്യത്തെ ഉന്നത ജനറലിനെ വധിക്കാൻ ഉത്തരവിടുകയും ചെയ്തു.

Latest News