ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ (എഫ്.എ.എ) കംപ്യൂട്ടര്‍ സംവിധാനത്തിലെ തകരാര്‍ കാരണം യു.എസില്‍ നിര്‍ത്തിവെച്ച വിമാന സര്‍വീസ് ഭാഗികമായി പുനരാരംഭിച്ചു. സാങ്കേതിക തകരാര്‍ പരിഹരിച്ചതിന് പിന്നാലെയാണ് സര്‍വീസുകള്‍ സാധാരണ നിലയിലേക്കെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. ആഭ്യന്തര സര്‍വീസുകളാണ് ആദ്യഘട്ടത്തില്‍ പുനരാരംഭിച്ചത്. അന്താരാഷ്ട്ര സര്‍വീസുകളും പുനരാരംഭിക്കും.
വിമാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പൈലറ്റുമാര്‍ക്കും കാബിന്‍ ക്രൂവിനും നല്‍കുന്ന നോട്ടാം സംവിധാനം തകരാറിലായതോടെയാണ് യു.എസ് വ്യോമഗതാഗത മേഖല ഒന്നാകെ സ്തംഭിച്ചത്. കാലാവസ്ഥാ മുന്നറിയിപ്പ്, റണ്‍വേയിലെ പ്രശ്നങ്ങള്‍, ആകാശത്തെ പക്ഷി സാന്നിധ്യം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പൈലറ്റിന് കൈമാറുന്ന സംവിധാനമാണിത്.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടിനാണ് കംപ്യൂട്ടര്‍ സംവിധാനത്തിലെ തകരാര്‍ എഫ്.എ.എ. കണ്ടെത്തിയത്. തുടര്‍ന്ന് എല്ലാ സര്‍വീസുകളും നിര്‍ത്താന്‍ വിമാനകമ്പനികളോടു നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ 9600 വിമാനങ്ങള്‍ വൈകുകയും 1300 സര്‍വീസുകള്‍ റദാക്കുകയും ചെയ്തു. ബുധനാഴ്ച രാത്രിയോടെയാണ് സാങ്കേതിക തകരാര്‍ പരിഹരിക്കാനായാത്.
പ്രശ്നങ്ങള്‍ക്ക് കാരണം സൈബര്‍ ആക്രമണമാണോ എന്നതിന് തെളിവുകിട്ടിയിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് ഗതാഗത വകുപ്പ് അന്വേഷിക്കുകയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു.