Tuesday, November 26, 2024

2025 നുള്ളില്‍ അമേരിക്ക-ചൈന യുദ്ധം നടക്കുമെന്ന് അമേരിക്കന്‍ വ്യോമസേന ജനറല്‍

2025 നുള്ളില്‍ അമേരിക്ക-ചൈന യുദ്ധം നടക്കുമെന്ന് വെളിപ്പെടുത്തി അമേരിക്കന്‍ വ്യോമസേന ജനറല്‍ മൈക്ക് മിനിഹന്‍. യു എസ് എയര്‍ മൊബിലിറ്റി കമാന്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയച്ച കത്തിലാണ് തന്റെ നിരീക്ഷണം വ്യോമസേന ജനറല്‍ വ്യക്തമാക്കിയത്.

എന്നാല്‍ ജനറല്‍ മൈക്ക് മിനിഹന്റെ വെളിപ്പെടുത്തല്‍ പെന്റഗണ്‍ സ്ഥിരീകരിക്കാന്‍ തയ്യാറാകുന്നില്ല. മിനിഹന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കും എന്നാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പ് വിഷയത്തില്‍ പ്രതികരിച്ചത്.

2024ല്‍ തായ്‌വാനില്‍ നടക്കാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടാതിരിക്കാന്‍ ആവശ്യമെങ്കില്‍ ഇടപെടുമെന്ന് അമേരിക്ക നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ചൈന ശ്രമിച്ചാല്‍ അത് സംഘര്‍ഷത്തിലേക്ക് വഴിമാറും. അങ്ങനെ ഒരു സാഹചര്യമുണ്ടായാല്‍ അത് അമേരിക്കയും ചൈനയും തമ്മിലുള്ള നേര്‍ക്കുനേര്‍ യുദ്ധത്തിന് കാരണമാകും എന്ന് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

തായ്‌വാന്‍ തങ്ങളുടെ പ്രദേശമാണെന്ന് ആവര്‍ത്തിച്ച് ചൈന അവിടെ കടന്നുകയറ്റങ്ങള്‍ തുടരുന്നു എന്നാരോപിച്ച് അമേരിക്ക ഇപ്പോഴേ രംഗത്തുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ വ്യോമസേന ജനറലിന്റെ വെളിപ്പെടുത്തല്‍ അതീവ ഗൗരവത്തോടെയാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്.

 

Latest News