കരിങ്കടലിന് മുകളില്‍വെച്ച് റഷ്യന്‍ വിമാനവും അമേരിക്കന്‍ ഡ്രോണും തമ്മില്‍ കൂട്ടിയിടിച്ച് തകര്‍ന്നു. റഷ്യയുടെ എസ്യു27 എന്ന യുദ്ധവിമാനവും അമേരിക്കന്‍ ഡ്രോണായ എംക്യു9 ഉം തമ്മിലാണ് കൂട്ടിയിടിച്ചതെന്ന് യുഎസ് യൂറോപ്യന്‍ കമാന്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ യുദ്ധവിമാനം അമേരിക്കന്‍ ഡ്രോണില്‍ ഇന്ധനം ഒഴിച്ചതിനെ തുടര്‍ന്ന് കൂട്ടിയിടിച്ച് തകര്‍ക്കുകയായിരുന്നുവെന്ന് യുഎസ് സൈന്യം ആരോപിച്ചു. അതേസമയം റഷ്യ ഈ ആരോപണത്തെ നിഷേധിച്ചുകൊണ്ട് രംഗത്തെത്തി.
കൂട്ടിയിടിക്കുന്നതിന് മുമ്പ് എസ്യു27 വിമാനം നിരവധി തവണ ഡ്രോണിന് മുകളിലൂടെ ഇന്ധനം ഒഴിച്ചു എന്നാണ് യുഎസിന്റെ ആരോപണം. അശ്രദ്ധമായും പരിസ്ഥിതിക്ക് ദോഷകരമായ രീതിയിലുമാണ് യുദ്ധവിമാനങ്ങള്‍ പറന്നതെന്നും ആരോപണമുണ്ട്. കരിങ്കടലിന് മുകളില്‍ റഷ്യ സ്ഥിരമായി തടസ്സങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്ന് യുഎസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി വാഷിംഗ്ടണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘ഞങ്ങളുടെ ഡ്രോണ്‍ അന്താരാഷ്ട്ര വ്യോമാതിര്‍ത്തിയില്‍ പതിവ് പരിശോധനകള്‍ നടത്തുന്നതിനിടെ ഒരു റഷ്യന്‍ വിമാനം ഡ്രോണ്‍ തടഞ്ഞുനിര്‍ത്തുകയും ഇടിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ഞങ്ങളുടെ ഡ്രോണ്‍ പൂര്‍ണ്ണമായും തകര്‍ന്നു’, യുഎസ് എയര്‍ഫോഴ്‌സ് കമാന്‍ഡര്‍ ജെയിംസ് ഹെക്കര്‍ പറഞ്ഞു. റഷ്യയുടെ സുരക്ഷിതമല്ലാത്ത പ്രവര്‍ത്തി കാരണമാണ് രണ്ട് വിമാനങ്ങളും തകര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ യുഎസിന്റെ വിമാനങ്ങള്‍ അന്താരാഷ്ട്ര വ്യോമാതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും റഷ്യ സുരക്ഷിതമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അമേരിക്കയുടെ ആരോപണം നിഷേധിച്ച് രംഗത്തെത്തിയ റഷ്യന്‍ പ്രതിരോധ മന്ത്രാലയം കൂട്ടിയിടി മനപൂര്‍വ്വമായിരുന്നില്ലെന്ന് പ്രതികരിച്ചു. റഷ്യന്‍ പോരാളികള്‍ അവരുടെ ആയുധങ്ങള്‍ ഉപയോഗിച്ചില്ലെന്നും സുരക്ഷിതമായി അവരുടെ ഹോം എയര്‍ഫീല്‍ഡിലേക്ക് മടങ്ങിയെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു. കൂടാതെ സാങ്കേതിക തകരാറ് മൂലമാണ് ഡ്രോണ്‍ തകര്‍ന്നതെന്നും മന്ത്രാലയം അറിയിച്ചു.
ബ്രസ്സല്‍സിലെ നാറ്റോ നയതന്ത്രജ്ഞര്‍ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് കൂടുതല്‍ ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു. നിരീക്ഷണത്തിനായാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് എംക്യൂ9 ഡ്രോണുകള്‍ ഉപയോഗിക്കുന്നത്. റഷ്യന്‍ നാവിക സേനയെ നിരീക്ഷിച്ചുകൊണ്ട് കരിങ്കടലിന് മുകളില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു.