യു. എസ് സൈനിക താവളങ്ങളില്‍ ആക്രമണം നടത്താന്‍ ഇറാന്‍ സജീവമായി സഹായം നല്‍കുന്നുവെന്ന ആരോപണവുമയി വൈറ്റ് ഹൗസ്. ഇറാഖിലെയും സിറിയയിലെയും യു എസ് സൈനിക താവളങ്ങളില്‍ ആക്രമണം നടത്താന്‍ ഭീകരസംഘടനകളെ ഇറാന്‍ സഹായിക്കുന്നതായാണ് ആരോപണം. വിഷയത്തില്‍ കൂടുതല്‍ നടപടിയെടുക്കാനും ഉചിതമായി പ്രതികരിക്കാനും പ്രസിഡന്റ് ജോ ബൈഡന്‍ പ്രതിരോധ വകുപ്പിനോട് നിര്‍ദേശിച്ചിരിക്കുകയാണ്.
റോക്കറ്റ്, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താനുള്ള സഹായങ്ങളാണ് ഭീകരസംഘടനകള്‍ക്ക് ഇറാന്‍ നല്‍കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇത്തരം ആക്രമണങ്ങളില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡും (ഐ ആ ര്‍ ജി സി) ഇറാന്‍ സര്‍ക്കാരും ഈ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതായും ഹമാസിനും ഹിസ്ബുള്ള തീവ്രവാദി ഗ്രൂപ്പുകള്‍ക്കും ഇറാന്‍ പിന്തുണ നല്‍കുന്നതു തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 7 ന് പലസ്തീന്‍ ഭീകര ഗ്രൂപ്പായ ഹമാസ് തീവ്രവാദികള്‍ ഇസ്രായേലില്‍ ആക്രമണം നടത്തിയതുമുതല്‍ യു എസ് സേനയ്‌ക്കെതിരായ ആക്രമണങ്ങളും വര്‍ധിച്ചിട്ടുണ്ട്. ‘വരാനിരിക്കുന്ന ദിവസങ്ങളില്‍ ഈ ആക്രമണങ്ങള്‍ ഗണ്യമായി വര്‍ധിക്കാനുള്ള സാധ്യതയെക്കുറിച്ച് ആശങ്കയുണ്ട്,” കിര്‍ബി പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ടു വിമാനവാഹിനിക്കപ്പലുകള്‍, മറ്റു യുദ്ധക്കപ്പലുകള്‍, ഏകദേശം 2,000 നാവികര്‍ എന്നിവയുള്‍പ്പെടെ ബൈഡന്‍ മിഡില്‍ ഈസ്റ്റിലേക്ക് അയച്ചിട്ടുണ്ട്.