തമിഴ് ചലച്ചിത്രമായ ‘ജയിലറിന്’ യു.എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ചിത്രത്തില്‍ അക്രമാസക്തമായ ഭാഗങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ എം.എല്‍. രവി നല്‍കിയ പൊതുപതാല്പര്യ ഹര്‍ജിയാണ് കോടതി തള്ളിയത്. ആഗസ്റ്റ് 10-നാണ് രജനീകാന്ത് നായകനായ ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
12 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളോടൊപ്പം ചിത്രം കാണാന്‍ അനുമതിയുണ്ട്. എന്നാല്‍ അക്രമാസക്തമായ ഭാഗങ്ങളുള്ളതിനാല്‍ ഇവ കാണുന്നതില്‍ നിന്നും കുട്ടികളെ തടയണമെന്നും സെന്‍സര്‍ ബോര്‍ഡ് നല്‍കിയ യു.എ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ കഴിഞ്ഞ 15 ദിവസങ്ങളായി പ്രദര്‍ശനം തുടരുന്ന ചിത്രം ഇതിനോടകം ലക്ഷക്കണക്കിനുപേർ കണ്ടുകഴിഞ്ഞു. അതിനാല്‍ ഇനി സര്‍ട്ടിഫിക്കറ്റ് തിരുത്തുന്നതിന്റെ ആവശ്യമെന്താണെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. ചീഫ് ജസ്റ്റിസ് എസ്.വി. ഗംഗാപൂർവാല, ജസ്റ്റിസ് പി.ഡി. ഓദികേശവലു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.