Tuesday, November 26, 2024

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കുന്നതടക്കം കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി യുഎഇ

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കുന്നതടക്കം കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ മാറ്റങ്ങളുമായി യുഎഇ. കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ ചട്ടങ്ങളിലടക്കം വലിയ മാറ്റങ്ങളാണ് യുഎഇയില്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. മാര്‍ച്ച് ഒന്ന് മുതല്‍ പുതുക്കിയ തീരുമാനങ്ങള്‍ പ്രാബല്യത്തില്‍ വരും. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കാമെങ്കിലും അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് നിയന്ത്രണം തുടരുമെന്നും ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.

പള്ളികളില്‍ ആളുകള്‍ തമ്മിലുള്ള ഒരുമീറ്റര്‍ നിയന്ത്രണവും തുടരും. വാക്‌സിനെടുക്കാത്ത യാത്രക്കാര്‍ 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവായ ക്യുആര്‍ കോഡ് സഹിതമുള്ള പിസിആര്‍ പരിശോധന റിപ്പോര്‍ട്ട് കൈവശം കരുതണം. വിനോദ സഞ്ചാര മേഖലയിലെ സാമൂഹ്യ അകലം പാലിക്കല്‍ വേണ്ടെന്നും ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി.

കോവിഡ് ബാധിതരായവരുടെ ഐസോലേഷന്‍ രീതിയും മാറ്റമില്ലാതെ തുടരും. രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമല്ല. എന്നാല്‍ ഇവര്‍ അഞ്ച് ദിവസത്തിനിടെ രണ്ട് ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ക്ക് വിധേയരാകണം. കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.

മുന്‍കരുതലും പ്രതിരോധ നടപടികളും പാലിക്കേണ്ടതിന്റെ ആവശ്യകത നിലനിര്‍ത്തിക്കൊണ്ട് തന്നെ, രാജ്യത്തെ സുപ്രധാന മേഖലകള്‍ക്കനുസരിച്ച്, പ്രാദേശിക തലത്തില്‍, ഓരോ എമിറേറ്റിനും ക്വാറന്റൈന്‍ കാലയളവിന്റെ ദൈര്‍ഘ്യം നിര്‍ണ്ണയിക്കാനും കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കുള്ള പിസിആര്‍ ടെസ്റ്റുകള്‍ നിര്‍ണ്ണയിക്കുന്നതിലും തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്.

സൗദി അറേബ്യയില്‍ കോവിഡ് വ്യാപനം കുത്തനെ കുറഞ്ഞിട്ടുണ്ട്. പുതിയ രോഗികളുടെയും ഗുരുതരനിലയില്‍ ഉള്ളവരുടെയും എണ്ണത്തില്‍ കാര്യമായ കുറവുണ്ടായി. അബുദാബിയില്‍ 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇനി മുതല്‍ 28 ദിവസത്തില്‍ ഒരിക്കല്‍ വീതം കോവിഡ് പി.സി.ആര്‍ പരിശോധന നടത്തിയാല്‍ മതിയാവും. നേരത്തെ 14 ദിവസത്തിലൊരിക്കല്‍ കോവിഡ് പി.സി.ആര്‍ പരിശോധന നടത്തണമെന്നായിരുന്നു നിബന്ധന. ഇതില്‍ മാറ്റം വരുത്തിയാണ് പരിശോധന നാല് ആഴ്ചയില്‍ ഒരിക്കല്‍ മതിയെന്ന തീരുമാനം പ്രഖ്യാപിച്ചത്.

 

Latest News