Monday, November 25, 2024

മന്ത്രിയാകാന്‍ യുവതി-യുവാക്കള്‍ക്ക് അവസരം: അപേക്ഷ ക്ഷണിച്ച് യുഎഇ

കാബിനറ്റില്‍ മന്ത്രിയാകാന്‍ യുവതി-യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നതായി യുഎഇടെ പ്രഖ്യാപനം. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്. സമൂഹമാധ്യമമായ എക്‌സിലൂടെ നടത്തിയപ്രഖ്യാപനത്തില്‍ യുവാക്കളെയും യുവതികളെയും ഒരുപോലെ മന്ത്രിസഭയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഷെയ്ഖ് മൂഹമ്മദ് പറഞ്ഞു.

ക്രിയാത്മക ചിന്ത, ഇടപെടല്‍ ശേഷി എന്നീ ഗുണങ്ങള്‍ ഉള്ളവരെയാണ് മന്ത്രിസഭയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. യുവജനങ്ങളെ പ്രതിനിധീകരിക്കുകയും പ്രശ്നങ്ങള്‍ മനസിലാക്കി പരിഹാരം കാണാന്‍ കഴിയുകയും ചെയ്യുന്ന യുവാവിനെയോ യുവതിയെയോ ആവശ്യമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ യുഎഇ കാബിനറ്റില്‍ യുവജന മന്ത്രിയാകും. അപേക്ഷകന് യുഎഇയെക്കുറിച്ച് അറിവുണ്ടായിരിക്കണം എന്നും അപേക്ഷ ക്ഷണിച്ചുകൊണ്ടുളള പോസ്റ്റില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞിരിക്കുന്നത്.

ഇ മെയില്‍ മുഖേന ക്യാബിനറ്റ് കാര്യ മന്ത്രാലയത്തിനാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പുതിയ തലമുറയിലെ നേതാക്കളെ നേതൃനിരയിലേക്ക് ഉയര്‍ത്തികൊണ്ട് വരുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം.ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി 2016-ല്‍ ഷമ്മ ബിന്‍ത് സൊഹൈല്‍ ഫാരിസ് അല്‍ മസ്റൂയിയെ യുവജനകാര്യ സഹമന്ത്രിയായി നിയമിച്ചിരുന്നു. 22-ാം വയസിലായാരുന്നു മന്തിസഭയിലേക്ക് പ്രവേശനം നല്‍കിയത്.

Latest News