Sunday, November 24, 2024

നിക്ഷേപ മേഖലയ്ക്ക് കരുത്തു പകരാന്‍ പ്രത്യേക മന്ത്രാലയം ആരംഭിച്ച് യുഎഇ

രാജ്യത്തെ നിക്ഷേപനയം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക മന്ത്രാലയം ആരംഭിച്ച് യുഎഇ ഭരണകൂടം. അബുദാബിയിലെ അൽ വത്ൻ കൊട്ടാരത്തിൽ ചേർന്ന യുഎഇ മന്ത്രിസഭാ യോഗത്തിലാണ് നിക്ഷേപ മന്ത്രാലയം അരംഭിക്കാന്‍ തീരുമാനമായത്. മുഹമ്മദ് ഹസൻ അൽ സുവൈദിക്കാണ് നിക്ഷേപ മന്ത്രാലയത്തിന്റെ ചുമതല.

അതിവേഗം വളരുന്ന നിക്ഷേപക രാജ്യങ്ങളിലൊന്നാണ് യുഎഇ. അതുകൊണ്ടു തന്നെ പുതിയ മന്ത്രാലയ രൂപവത്ക്കരണം രാജ്യത്തിന്റെ ഭാവിവളർച്ചക്ക് വലിയ മുതൽക്കൂട്ടാകുമെന്നാണ് ഭരണകൂടത്തിന്റെ പ്രതീക്ഷ. നിക്ഷേപനയവും ലക്ഷ്യവും രൂപപ്പെടുത്തുക, രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുക. നിയമനിർമ്മാണവും നടപടിക്രമങ്ങളും വേഗത്തിൽ പൂർത്തിയാക്കുക തുടങ്ങിയ ചുമതലകളാണ് ഈ മന്ത്രാലയത്തിനു കീഴിൽ നിശ്ചയിച്ചിരിക്കുന്നത്. ഗ്രീൻഫീൽഡ് വിദേശനിക്ഷേപം ഏറ്റവും കൂടുതൽ ആകർഷിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ദുബായ് ഒന്നാം സ്ഥാനത്താണുള്ളത്.

പുനരുപയോഗ ഊർജ്ജത്തിന്റെ ഉൽപാദനം മൂന്നിരട്ടിയായി വർദ്ധിപ്പിക്കാൻ സാധിക്കുന്ന ദേശീയ ഊർജ്ജ പദ്ധതിക്കും ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. അടുത്ത ഏഴു വർഷത്തിനകം ഇത് നടപ്പിലാക്കാനാണ് തീരുമാനം. ഈ കാലയളവിൽ 150 ബില്യൺ ദിർഹം മുതൽ 200 ബില്യൺ ദിർഹം വരെ ഈ മേഖലയിൽ നിക്ഷേപിക്കാനാണ് തീരുമാനിച്ചരിക്കുന്നത്. സാമ്പത്തിക വളർച്ചയ്ക്കനുസരിച്ച് ഊർജ്ജ ആവശ്യകത വർദ്ധിച്ച സാഹചര്യത്തിലാണ് യുഎഇ പുതിയ തീരുമാനം സ്വീകരിച്ചിരിക്കുന്നത്.

Latest News