ഇന്ത്യ-പാക്ക് സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പി എസ് എൽ) യു എ ഇ യിലേക്കു മാറ്റാനുള്ള പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (പി സി ബി) അപേക്ഷ യു എ ഇ നിരസിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ടൂര്‍ണമെന്റിന്റെ നടത്തിപ്പില്‍ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് സുരക്ഷാ ആശങ്കകള്‍ മുന്നോട്ടുവച്ചതായി പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനു വേദിയാകാന്‍ യു എ ഇ തയ്യാറാകാതിരുന്നാല്‍ അത് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനു കനത്ത തിരിച്ചടിയാകുമെന്ന കാര്യം തീർച്ചയാണ്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയും ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.
ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിൽ വർധിച്ചുവരുന്ന സംഘർഷത്തിൽ നിന്നുണ്ടാകാൻ സാധ്യതയുള്ള സുരക്ഷാ ആശങ്കകൾ കാരണം ഈ അപേക്ഷ യു എ ഇ നിരസിച്ചേക്കുമെന്ന് ഇതേക്കുറിച്ചുള്ള അടുത്ത സ്രോതസ്സുകൾ പറയുന്നു. മാത്രമല്ല, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബി സി സി ഐ യുമായി അടുത്ത ബന്ധമാണ് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് വച്ചുപുലര്‍ത്തുന്നത്. ഐ പി എല്‍ മത്സരങ്ങളും ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങളടക്കം യു എ ഇ യില്‍ വച്ച് നടന്നിട്ടുണ്ട്.
വിവിധ ഫ്രാഞ്ചൈസികളുടെ ഭാഗമായുള്ള വിദേശതാരങ്ങളുടെ സുരക്ഷാ ആശങ്ക കണക്കിലെടുത്താണ് വേദി മാറ്റാനുള്ള തീരുമാനമെടുത്തതെന്നാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് നേരത്തേ അറിയിച്ചിരുന്നത്. നേരത്തേ റാവല്‍പിണ്ടിയിലെ ക്രിക്കറ്റ് സ്റ്റേഡിയം ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.