സ്വകാര്യ മേഖലയിലെ ജോലികളിൽ യുഎഇ പൗരന്മാരെ ആകർഷിക്കുന്നതിന് നാഫിസ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രചാരണ പരിപാടികൾ തുടങ്ങി. സ്വകാര്യ മേഖലയിലും ഉയർച്ച നേടാം എന്നു ബോധ്യപ്പെടുത്തുന്നതിന് വിവിധ മേഖലകളിൽ വിജയം നേടിയ ഇമറാത്തികളുടെ കഥ പഠിപ്പിച്ചാണ് പ്രചാരണം. സ്വകാര്യ മേഖലയിലും സ്വദേശിവൽക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.
പൗരന്മാരുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിന് രൂപം കൊടുത്ത ഫെഡറൽ സംവിധാനമാണ് നാഫിസ് കൗൺസിൽ. വിദഗ്ധരായ സ്വദേശി ജീവനക്കാർക്ക് അതേ തസ്തികയിൽ ജോലി ചെയ്യുന്ന വിദേശികളെക്കാൾ 40% കൂടുതലാണ് വേതനം. ഈ വർഷം സ്വകാര്യ മേഖലയിൽ 13193 സ്ഥാപനങ്ങളിൽ സ്വദേശികളെ നിയമിക്കാനാണു ശ്രമം നടക്കുന്നത്.
സ്വകാര്യ മേഖലയിലെ സ്വദേശികളുടെ നിയമന, വേതനങ്ങൾക്കായി 110 കോടി ദിർഹമാണ് വകയിരുത്തിയത്. അടുത്ത വർഷം 182 കോടി ദിർഹം സ്വദേശി നിയമനത്തിനായി ചെലവഴിക്കും. നിലവിൽ നിയമനം നേടിയ സ്വദേശികളിൽ 97 ശതമാനവും വിദഗ്ധ തൊഴിലാളികളുടെ പട്ടികയിലുള്ളവരാണ്. തൊഴിൽ നേടുന്ന സ്വദേശികൾക്ക് നാഫിസ് വഴിയാണ് വിദഗ്ധ പരിശീലനം നൽകുന്നത്.