Monday, November 25, 2024

ഭീഷണിയുണ്ടെന്ന പരാതി പോലീസ് പരിഗണിച്ചില്ല, ഒരാഴ്ചയോളം കനയ്യ ലാല്‍ കട അടച്ചിട്ടു; തുറന്ന ദിവസം തന്നെ അരുംകൊല; ഉദയ്പൂരില്‍ സംഭവിച്ചത്

നൂപുര്‍ ശര്‍മയെ അനുകൂലിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട കനയ്യ ലാലിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് കനയ്യ ലാല്‍ മുന്‍പ് പരാതി നല്‍കിയിരുന്നതായി പോലീസ്. സംഭവത്തില്‍ ജാഗ്രത പുലര്‍ത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ഉദയ്പൂരിലെ ധന്‍മന്‍ഡി പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. ധന്‍മന്‍ഡി പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഭന്‍വര്‍ ലാലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കനയ്യ ലാല്‍ ടേലി ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നതായി സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി.

പ്രവാചകനെതിരെ പരാമര്‍ശം നടത്തിയ മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് കൊണ്ട് സുപ്രീം ടെയ്ലേഴ്‌സ് എന്ന തയ്യല്‍ കട നടത്തിയിരുന്ന കനയ്യ ലാല്‍ ഏതാനും ദിവസം മുന്‍പ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ചതായി പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് കനയ്യ ലാലിനെ പൊലീസ് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഇതിന് ശേഷം കനയ്യ ലാലിന് ചില സംഘടനകളില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

ഇത് സംബന്ധിച്ച് ജൂണ്‍ 15ന് കനയ്യ ലാല്‍ പരാതി അറിയിക്കുകയും ജൂണ്‍ 17ന് പരാതി എഴുതി നല്‍കുകയും ചെയ്തു. കണ്ടാല്‍ കൊന്നുകളയാന്‍ ആവശ്യപ്പെട്ട് ചിലര്‍ തന്റെ ചിത്രം ചില സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ പങ്കുവയ്ക്കുന്നതായും കനയ്യ ലാല്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. തയ്യല്‍ക്കട തുറക്കരുതെന്നും തുറന്നാല്‍ കൊല്ലുമെന്ന് മുസ്ലിം സംഘടനകളില്‍ നിന്ന് ഭീഷണിയുണ്ടെന്നും കനയ്യ ലാല്‍ പരാതിയില്‍ വ്യക്തമാക്കി. നൂപുര്‍ ശര്‍മയെ പിന്തുണയ്ക്കുന്ന വീഡിയോ എട്ട് വയസ്സുകാരന്‍ മകന്‍ മൊബൈലില്‍ ഗെയിം കളിക്കുന്ന സമയത്ത് അബദ്ധത്തില്‍ ഗ്രൂപ്പില്‍ പങ്കുവയ്ക്കപ്പെട്ടതാണെന്നാണ് കനയ്യ ലാലിന്റെ പരാതിയില്‍ പറയുന്നത്.

പോലീസ് സുരക്ഷ നല്‍കുകയോ നടപടി എടുക്കുകയോ ചെയ്യാത്തതിനാല്‍ ഒരാഴ്ചയോളം കനയ്യ ലാല്‍ കട അടച്ചിട്ടു. ചൊവ്വാഴ്ചയാണ് വീണ്ടും തുറന്നത്. അന്നു തന്നെ കനയ്യ ക്രൂരമായി കൊല്ലപ്പെടുകയായിരുന്നു.

അരുംകൊല

തുണി തയ്പ്പിക്കാനെന്ന മട്ടില്‍ കനയ്യലാലിന്റെ കടയിലെത്തിയ 2 പേരാണ് ക്രൂരകൃത്യം ചെയ്തത്. പിന്നാലെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ 3 വീഡിയോകള്‍ കുറ്റവാളികള്‍ പ്രചരിപ്പിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുള്ള ഗൗസ് മുഹമ്മദ് എന്നും റിയാസ് അഖ്താരി എന്നു പരിചയപ്പെടുത്തുന്ന അക്രമിതളുടെ വീഡിയോ ആണ് ഇതിലൊന്ന്. ഇസ്ലാമിനോടുള്ള അധിക്ഷേപത്തിന് പ്രതികാരമാണ് ചെയ്തതെന്ന് പറയുന്ന ഇവര്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയേയും തുടര്‍ന്ന് ഭീഷണിപ്പെടുത്തി.

കേസ് അന്വേഷണത്തിന് എന്‍ഐഎ

അതേസമയം, ഉദയ്പൂര്‍ കൊലപാതകം എന്‍ഐഎ ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുമെന്നാണ് സൂചന. എന്‍ഐഎ സംഘം ഉദയ്പൂരില്‍ എത്തി. ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കും. കൊലപാതകത്തിന് പിന്നില്‍ ഭീകരവാദികള്‍ക്ക് പങ്കുണ്ടെന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് കേസ് എന്‍ഐഎ ഏറ്റെടുക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കനയ്യലാലിനെ കൊലപ്പെടുത്തിയതിന് ശേഷം കൊലയാളികള്‍ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവക്കുകയും കൃത്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ഭീകര സംഘടനാ ബന്ധം

കറാച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുന്നി ഇസ്ലാമിക സംഘടനയായ ദവാത്തെ ഇസ്ലാമിയുമായി കൊലപാതകികള്‍ക്ക് ബന്ധമുള്ളതായി ചോദ്യം ചെയ്യലില്‍ വ്യക്തമായിരുന്നു. പാക് ഭീകര സംഘടനയായ തെഹ്രീക് ഇ ലബ്ബൈക്കുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സംഘടനയാണ് ഇത്. കനയ്യ ലാലിനെ കൊലപ്പെടുത്തി വീഡിയോകള്‍ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ച ശേഷം അജ്മേര്‍ ഷരീഫിലെ ആരാധനാലയത്തിന് മുന്നില്‍ നിന്ന് അടുത്ത വീഡിയോ ചിത്രീകരിക്കാന്‍ പോകുന്നതിനിടെയാണ് പ്രതികള്‍ പോലീസിന്റെ പിടിയിലായത്.

കനത്ത ജാഗ്രതയില്‍ സംസ്ഥാനം

സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്. ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ ഉദയ്പൂരില്‍ പ്രതിഷേധത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കിയിരുന്നു. പ്രതിഷേധക്കാര്‍ നടത്തിയ കല്ലേറില്‍ നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റു.

സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ റാപിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ അഞ്ച് കമ്പനിയെ ഉദയ്പൂരില്‍ വിന്യസിച്ചു. ജയ്പൂരില്‍ നിന്ന് രണ്ട് എഡിജിപിമാരെയും ഒരു എസ്പിയും 600 പോലീസുകാരെയും പ്രത്യേകം വിന്യസിച്ചതായി രാജസ്ഥാന്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജി അറിയിച്ചു. അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് ഉദയ്പൂരിലെ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കിയിരിക്കുകയാണ്.

അപലപിച്ച് മുസ്ലിം സംഘടനകളും

രാജ്യത്തെ നിയമത്തിനും മതനിയമങ്ങള്‍ക്കും എതിരായ കാര്യമാണ് ഉദയ്പൂരില്‍ സംഭവിച്ചതെന്ന് ജാമിയത് ഉലമ-ഇ-ഹിന്ദ് ജനറല്‍ സെക്രട്ടറി മൗലാന ഹക്കിമുദ്ദീന്‍ ഖ്വാസ്മി പറഞ്ഞു. സംഭവത്തെ അപലപിച്ച് അജ്‌മേര്‍ ദര്‍ഗ തലവന്‍, സൈനുല്‍ അബേദിന്‍ അലി ഖാന്‍ രംഗത്തെത്തി. ഇന്ത്യയിലെ മുസ്ലിങ്ങള്‍ താലിബാന്‍ മനോഭാവം അനുവദിക്കില്ലെന്നും മാനവരാശിക്ക് എതിരായ ആക്രമണത്തെ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇസ്ലാമില്‍ ശിക്ഷ കിട്ടാവുന്ന പാപമാണ് അക്രമികള്‍ ചെയ്തതെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

 

Latest News