അക്കാദമികരംഗത്തെ സമ്മര്‍ദങ്ങള്‍ നേരിടുന്നതിനും വിദ്യാര്‍ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്തുന്നതിനും സര്‍വകലാശാലകളില്‍ പ്രത്യേക സമിതികള്‍ രൂപീകരിക്കുന്നതിന് ശിപാര്‍ശയുമായി യുജിസി. അക്കാദമിക സമ്മര്‍ദത്തിനു കൂടുതല്‍ കീഴ്‌പെടാന്‍ സാധ്യതയുള്ള കുട്ടികളെ കണ്ടെത്തി സമിതി പ്രത്യേക പരിഗണന നല്‍കും.
വിദ്യാര്‍ഥികളുടെ ശാരീരിക ആരോഗ്യം ഉറപ്പു വരുത്തുക, കായിക പരിശീലനം നല്‍കുക, മാനസികവും വൈകാരികവുമായ ആരോഗ്യം ഉറപ്പു വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി സമിതി പിന്തുടരേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ യുജിസി പുറത്തിറക്കും. സര്‍വകലാശാലകളില്‍ പഠനം പാതി വഴിക്ക് ഉപേക്ഷിച്ചു വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോകുന്നതു തടയാന്‍ ഇതു സഹായിക്കുമെന്നാണ് യുജിസിയുടെ വിലയിരുത്തല്‍.
യുജിസിയുടെ ശിപാര്‍ശയനുസരിച്ച് രാജ്യത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ഥികള്‍ നേരിടുന്ന മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സ്റ്റുഡന്റ്‌സ് സര്‍വീസ് സെന്ററുകള്‍ രൂപീകരിക്കണം. ഗ്രാമീണ മേഖലയില്‍നിന്ന് എത്തുന്ന വിദ്യാര്‍ഥികള്‍, പെണ്‍കുട്ടികള്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരും ഭിന്നശേഷിക്കാരുമായ വിദ്യാര്‍ഥികള്‍, വ്യത്യസ്തമായ സാമൂഹിക-സാംസ്‌കാരിക ചുറ്റുപാടുകളില്‍നിന്ന് എത്തുന്നവര്‍ തുടങ്ങിയവര്‍ക്കു തക്കതായ പരിഗണന നല്‍കണം.
വിദ്യാര്‍ഥികളുടെ ശാരീരിക ആരോഗ്യം ഉറപ്പു വരുത്തുക, കായികപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, പരസ്പര സഹകരണത്തിനും സഹായത്തിനും വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് സ്റ്റുഡന്റ്‌സ് സര്‍വീസ് സെന്ററുകളുടെ പ്രധാന ഉദ്ദേശ്യമെന്നും യുജിസി ചെയര്‍മാന്‍ എം. ജഗദേശ് കുമാര്‍ വ്യക്തമാക്കി.