Tuesday, November 26, 2024

കുടിയേറ്റ സമൂഹത്തെ ലക്ഷ്യമിട്ട് അക്രമികള്‍; മലയാളി വിദ്യാര്‍ഥികള്‍ക്കു നേരെയും അതിക്രമം

സൗത്ത് പോര്‍ട്ട് സംഭവത്തിനു പിന്നാലെ, ഏതു സമയത്തും ഒരു കൂട്ടആക്രമണ സാധ്യത മുന്നില്‍ക്കണ്ട് യുകെയിലെ മലയാളികള്‍ ഉള്‍പ്പടെയുള്ള കുടിയേറ്റ സമൂഹം. ബുധനാഴ്ച ഇംഗ്ലണ്ടിലും വെള്ളിയാഴ്ച നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും സംഘടിപ്പിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അക്രമാസക്തമായേക്കുമെന്ന ഭീതിയിലാണ് സര്‍ക്കാരും പോലീസും. അതുകൊണ്ടുതന്നെ അധികൃതര്‍ കടുത്ത ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രക്ഷോഭം തുടങ്ങിയശേഷം യുകെയില്‍ പലയിടങ്ങളിലും വിദ്യാര്‍ഥികളും നഴ്‌സുമാരും ഉള്‍പ്പടെയുള്ള മലയാളികള്‍ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നാണു വിവരം. മിഡില്‍സ്ബറോയില്‍ അക്രമികളുടെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണമുണ്ടായി. യുകെ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ സുരക്ഷയില്‍ ശ്രദ്ധിക്കണമെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സംഭവ വികാസങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യക്കാര്‍ പ്രക്ഷോഭം നടക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും അടിയന്തര സാഹചര്യത്തില്‍ ലണ്ടനിലെ ഹൈക്കമ്മിഷനുമായി ബന്ധപ്പെടാമെന്നും അറിയിച്ചിട്ടുണ്ട്.

പ്രക്ഷോഭം നടക്കുന്ന സ്ഥലങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കണമെന്നും പ്രക്ഷോഭത്തോടുള്ള എതിര്‍പ്പു പ്രകടിപ്പിക്കാന്‍ ശ്രമിക്കരുതെന്നും മലയാളി പ്രവാസി കൂട്ടായ്മയായ കൈരളി യുകെ മുന്നറിയിപ്പു നല്‍കിയിരുന്നു. അത്യാവശ്യമല്ലാത്ത യാത്രകളും സിറ്റി സെന്ററുകളിലെ തിരക്കേറിയ സ്ഥലങ്ങളിലെ സന്ദര്‍ശനവും ഒഴിവാക്കണം. തനിച്ചു യാത്ര ചെയ്യരുത്. പൊതു സ്ഥലങ്ങളില്‍ ബഹളമുണ്ടാക്കി മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കരുത്. അടുപ്പമുള്ളവരുമായി ബന്ധം സൂക്ഷിക്കുകയും ആക്രമണ സൂചന കിട്ടിയാല്‍ പൊലീസിനെ അറിയിക്കുകയും വേണം.

അക്രമികള്‍ക്ക് ഇടയില്‍ പെട്ടാല്‍ പെട്ടെന്നു സുരക്ഷിത സ്ഥാനത്തേക്കു മാറണം. പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ പ്രതികരിക്കരുത്. ആക്രമണങ്ങളുടെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ബെല്‍ഫാസ്റ്റ് സിറ്റി ഹാളിലാണ് കുടിയേറ്റ വിരുദ്ധ പ്രക്ഷോഭകര്‍ സംഗമിക്കുന്നത്. വീക്കെന്‍ഡ് ആഘോഷങ്ങള്‍ തുടങ്ങുന്ന വെള്ളിയാഴ്ച സന്ധ്യയോടെ നടക്കുന്ന പ്രക്ഷോഭം നിയന്ത്രണാതീതമാകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൂടുതല്‍ സുരക്ഷയൊരുക്കാന്‍ പൊലീസ് ഒരുങ്ങുന്നുണ്ട്.

 

Latest News