Wednesday, December 4, 2024

അബോര്‍ഷന്‍ ക്ലിനിക്കിനുമുന്നിലെ നിശ്ശബ്ദപ്രാര്‍ഥനയെ തുടര്‍ന്ന് അറസ്റ്റ്: ഇരയ്ക്ക് നഷ്ടപരിഹാരം നല്‍കി യു. കെ. പൊലീസ്

ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമിലെ ഗര്‍ഭച്ഛിദ്രകേന്ദ്രത്തിനുസമീപം നിശ്ശബ്ദമായി പ്രാര്‍ഥിച്ചതിന് രണ്ടുതവണ അറസ്റ്റിലായ ക്രിസ്ത്യന്‍ സന്നദ്ധപ്രവര്‍ത്തകയായ ഇസബെല്‍ വോണ്‍-സ്പ്രൂസിന് നഷ്ടപരിഹാരം നല്‍കി യു. കെ. പൊലീസ്. വെസ്റ്റ് മിഡ്ലാന്‍ഡ്സ് പൊലീസ് 13,000 പൗണ്ട് (ഏകദേശം $16,800) ആണ് നഷ്ടപരിഹാരമായി നല്‍കിയത്.

അബോര്‍ഷന്‍ ക്ലിനിക്കിനുസമീപമുള്ള നിശ്ശബ്ദപ്രാര്‍ഥനയെ ശക്തമായി നേരിടാന്‍ യു. കെ. ഗവണ്‍മെന്റ് ഒരുങ്ങിയിരിക്കെയാണ് ഈ ഒത്തുതീര്‍പ്പ്. മാര്‍ച്ച് ഫോര്‍ ലൈഫ് യു. കെ. യുടെ ഡയറക്ടര്‍ വോണ്‍-സ്പ്രൂസ് ആണ് ആദ്യം അറസ്റ്റ് ചെയ്യപ്പെട്ടത്. 2022 ഡിസംബറില്‍ അടച്ച, അബോര്‍ഷന്‍ കേന്ദ്രത്തിനുപുറത്ത് ഒരു പൊതു ഇട സംരക്ഷണ ഓര്‍ഡര്‍ (പി. എസ്. പി. ഒ.) സോണിനുള്ളില്‍ നിശ്ശബ്ദമായി പ്രാര്‍ഥിച്ചതിനായിരുന്നു ആ അറസ്റ്റ്. 2023 ഫെബ്രുവരിയില്‍, ഈ സംഭവവുമായി ബന്ധപ്പെട്ട എല്ലാ കുറ്റങ്ങളില്‍നിന്നും വോണ്‍-സ്പ്രൂസ് കുറ്റവിമുക്തയാക്കപ്പെട്ടു. എന്നിരുന്നാലും, അതേ പ്രവര്‍ത്തനത്തിന് 2023 മാര്‍ച്ചില്‍ അവരെ വീണ്ടും അറസ്റ്റ് ചെയ്തു.

‘നിശ്ശബ്ദപ്രാര്‍ഥന ഒരു കുറ്റമല്ല. അവരുടെ മനസിലുള്ള ചിന്തകള്‍കൊണ്ടു മാത്രം ആരെയും അറസ്റ്റ് ചെയ്യരുത്. എന്നിട്ടും വെസ്റ്റ് മിഡ്ലാന്‍ഡ്സ് പൊലീസിന്റെ കൈയില്‍നിന്ന് എനിക്ക് രണ്ടുതവണ അറസ്റ്റ് നേരിടേണ്ടിവന്നു. പ്രാര്‍ഥന ഒരു കുറ്റമാണ് എന്ന് അവര്‍ എന്നോട് വ്യക്തമായി പറഞ്ഞു’ – വോണ്‍-സ്പ്രൂസ് പ്രസ്താവനയില്‍ പറഞ്ഞു.

വെസ്റ്റ് മിഡ്ലാന്‍ഡ്സ് പൊലീസില്‍നിന്നുള്ള നഷ്ടപരിഹാരം വോണ്‍-സ്പ്രൂസിനുനേരെ നടന്ന മനുഷ്യാവകാശങ്ങളുടെ അന്യായമായ പെരുമാറ്റവും ലംഘനവും അംഗീകരിക്കുന്നു. നഷ്ടപരിഹാരം ലഭിച്ചുവെങ്കിലും മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കുനേരെയുള്ള അതിക്രമങ്ങളും മറ്റും വര്‍ധിക്കുകയാണ് എന്ന ആശങ്കയിലാണ് ഇവര്‍.

 

Latest News