ബ്രിട്ടീഷ് പ്രധാനമന്ത്രിസ്ഥാനം രാജിവെക്കാനൊരുങ്ങി ബോറിസ് ജോണ്സണ്. വ്യാഴാഴ്ച വൈകിട്ടോടെ അദ്ദേഹം രാജിപ്രഖ്യാപിക്കുമെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവാദങ്ങളില്‍ കുടുങ്ങിയ മന്ത്രിസഭയില്‍നിന്ന് വലിയതോതില്‍ അംഗങ്ങള്‍ രാജിവെച്ചതിന് പിന്നാലെയാണ് സ്ഥാനം ഒഴിയലിന് ജോണ്സണ് നിര്‍ബന്ധിതനായത്.
കഴിഞ്ഞ രണ്ടു മണിക്കൂറിനിടെ എട്ട് മന്ത്രിമാരാണ് രാജിവെച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്തുനിന്നും അദ്ദേഹം ഒഴിയുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. നിരവധി അഴിമതിയാരോപണങ്ങള്‍ നേരിടുന്ന ബോറിസ് ജോണ്സണ് അധികാരത്തിലിരിക്കാന്‍ യോഗ്യനല്ലെന്ന വാദം സ്വന്തം പാളയത്തില്‍ നിന്നുതന്നെ ഉയരുന്നുണ്ട്. 2019-ലാണ് വമ്പന്‍ ഭൂരിപക്ഷത്തോടെ ജോണ്സണ് അധികാരത്തിലെത്തിയത്.
‘പാര്‍ട്ടി ഗേറ്റ്’ വിവാദത്തിന് പിന്നാലെയാണ് ബോറിസ് ജോണ്‍സനെതിരെ സ്വന്തം പാളയത്തില്‍ നിന്ന് പടയൊരുക്കം ആരംഭിച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാര്‍ട്ടിഗെയ്റ്റ് വിവാദം ബോറിസ് ജോണ്‍സനെതിരേ വന്‍ എതിര്‍പ്പുകളാണ് ഉയര്‍ത്തിവിട്ടത്. തുടര്‍ന്ന് പാര്‍ട്ടിനേതാവ് സ്ഥാനത്ത് ജോണ്സന് തുടരണമോ എന്നതില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുകയും ചെയ്തിരുന്നു.
ഈ വിവാദങ്ങളുടെ അലയൊലി അടങ്ങുന്നതിന് പിന്നാലെയാണ് ലൈംഗികാരോപണം നേരിട്ട ക്രിസ്റ്റഫര്‍ പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചത്. ഇതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണം. ഇക്കാര്യത്തില്‍ ബോറിസ് ജോണ്സന് മാപ്പുപറഞ്ഞതിനു പിന്നാലെയാണ് മന്ത്രിസഭയില്‍നിന്ന് കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്. മന്ത്രിമാരെക്കൂടാതെ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച മുപ്പതോളംപേര്‍ ഇതിനോടകം രാജിവെച്ചിട്ടുണ്ട്. പിഞ്ചര്‍ കഴിഞ്ഞ ആഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. എന്നാല്‍ ബോറിസ് ജോണ്സണ് രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.