നോര്‍വെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് യു.കെയിലെത്തും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മുഖ്യമന്ത്രി ഇംഗ്ലണ്ടില്‍ എത്തുക. ഇന്നാണ് മുഖ്യമന്ത്രിയുടെ പ്രധാന പരിപാടികള്‍.
ലോക കേരള സഭയുടെ യൂറോപ്പ് മേഖലാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. തുടര്‍ന്ന് മലയാളി പ്രവാസി സംഗമത്തിലും പങ്കെടുക്കും. മന്ത്രി പി.രാജീവും മുഖ്യമന്ത്രിക്കൊപ്പം ഉണ്ട്. മന്ത്രിമാരായ വീണാ ജോര്‍ജും വി.ശിവന് കുട്ടിയും നേരത്തെ തന്നെ യു.കെയില്‍ എത്തിയിരുന്നു.
ലണ്ടനിലെ സെന്റ് ജെയിംസ് കോര്‍ട്ട് ഹോട്ടലില്‍ ചേരുന്ന മേഖലാ സമ്മേളനം രാവിലെ 9ന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1. 30ന്) മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ജൂണില്‍ തിരുവനന്തപുരത്തു ചേര്‍ന്ന മൂന്നാം ലോക കേരള സഭയില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനോടോപ്പം ലോക കേരള സഭയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനും ലക്ഷ്യമിട്ടാണ് സമ്മേളനം ചേരുന്നതെന്ന് നോര്‍ക്ക റൂട്ട്സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
യൂറോപ്യന്‍ മേഖലയിലെ ലോക കേരള സഭാ അംഗങ്ങളും, വിവിധ തൊഴില്‍ മേഖലയില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളും സമ്മേളനത്തില്‍ പങ്കെടുക്കും. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളില്‍ കഴിവ് തെളിയിച്ച മലയാളികളും വിദ്യാര്‍ഥി പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരും ക്ഷണിതാക്കളാണ്.
നവകേരള നിര്‍മ്മാണം പ്രതീക്ഷകളും സാധ്യതകളും പ്രവാസികളുടെ പങ്കും, വെജ്ഞാനിക സമൂഹ നിര്‍മ്മിതിയും പ്രവാസ ലോകവും, ലോക കേരള സഭ പ്രവാസി സമൂഹവും സംഘടനകളും, യൂറോപ്യന്‍ കുടിയേറ്റം അനുഭവങ്ങളും വെല്ലുവിളികളും എന്നീ നാല് വിഷയങ്ങളില്‍ സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടക്കും. ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് പ്രൊഫ. വി.കെ. രാമചന്ദ്രന്, നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന്, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ.കെ.രവി രാമന്, നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ഡോ.എം. അനിരുദ്ധന്, എന്നിവര്‍ യഥാക്രമം ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.