യുക്രൈനിലെ കരിങ്കടൽ തുറമുഖങ്ങളിൽ റഷ്യ നടത്തുന്ന ആക്രമണങ്ങൾ ഗാസയിലേക്കുള്ള സഹായം വൈകിപ്പിക്കുകയും ആഗോള സൗത്ത് രാജ്യങ്ങളിലേക്കുള്ള നിർണ്ണായകമായ ധാന്യവിതരണം തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്ന് വെളിപ്പെടുത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ.
തുറമുഖങ്ങളിൽ റഷ്യ നടത്തുന്ന ആക്രമണങ്ങളിലൂടെ യുക്രൈനെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിൽ പുടിൻ, ആഗോള ഭക്ഷ്യസുരക്ഷയാണ് താറുമാറാകുന്നതെന്ന് സ്റ്റാർമർ തന്റെ പ്രസ്താവനയിൽ പറഞ്ഞു. യുദ്ധത്തിൽ മേൽക്കൈ നേടുന്നതിന് ആഫ്രിക്ക, ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിന് ദുർബലരായ ആളുകളെയാണ് പുടിൻ ഉപദ്രവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രേനിയൻ കരിങ്കടൽ തുറമുഖങ്ങൾക്കുനേരെയുള്ള റഷ്യൻ ആക്രമണം, സെപ്റ്റംബർ ഒന്നു മുതൽ ആറ് സിവിലിയൻ കപ്പലുകൾക്കും ധാന്യ അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ വരുത്തിയതായി യു. എൻ. അറിയിച്ചു. സ്റ്റാർമറുടെ പ്രസ്താവനപ്രകാരം, യുക്രൈനിൽനിന്നു പുറപ്പെടുന്ന ഗാസയിലെ ലോക ഭക്ഷ്യപദ്ധതിക്കായുള്ള വെജിറ്റബിൾ ഓയിൽ കയറ്റിയ കപ്പൽ, ഈജിപ്തിലേക്കുള്ള ധാന്യങ്ങൾ നിറച്ച കപ്പലുകൾ, ദക്ഷിണാഫ്രിക്കയിലേക്കു പോകേണ്ടിയിരുന്ന വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ കപ്പലുകൾ എന്നിവ റഷ്യൻ ആക്രമണംമൂലം വൈകിയിരുന്നു.
ആഗോളതലത്തിൽ ഗോതമ്പും ധാന്യവും ഉല്പാദിപ്പിക്കുന്ന ഒരു പ്രധാന രാജ്യമാണ് യുക്രൈൻ. 2022 ൽ റഷ്യയുടെ അധിനിവേശത്തിനുമുമ്പ്, രാജ്യം കരിങ്കടൽവഴി പ്രതിമാസം ആറ് ദശലക്ഷം ടൺ ധാന്യം കയറ്റുമതി ചെയ്തിരുന്നു. യുദ്ധം നടക്കുന്നുണ്ടെങ്കിലും ധാന്യവില്പന രാജ്യത്തിന്റെ നിർണ്ണായക വരുമാനസ്രോതസ്സായി ഇപ്പോഴും തുടരുന്നു.