Wednesday, November 27, 2024

പുടിനെ വധിക്കാനുള്ള യുക്രൈന്‍ നീക്കം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്

സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ അയച്ച് യുക്രൈയ്ന്‍ രഹസ്യാന്വേഷണ വിഭാഗം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ വധിക്കാന്‍ ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്. ലക്ഷ്യത്തിന് മൈലുകള്‍മാത്രം അകലെവച്ച് അജ്ഞാതവസ്തുവുമായി കൂട്ടിയിടിച്ച് ഡ്രോണ്‍ തകര്‍ന്നതോടെ ശ്രമം പരാജയപ്പെട്ടെന്നും ജര്‍മന്‍ പത്രമായ ‘ബില്‍ഡ്’ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വധശ്രമം. 17 കിലോ സി-4 പ്ലാസ്റ്റിക് സ്ഫോടകവസ്തുക്കള്‍ നിറച്ച ‘യു ജെ 22’ ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ആക്രമണശ്രമം. മോസ്‌കോയില്‍ അന്നേദിവസം പുടിന്‍ സന്ദര്‍ശിച്ച, പുതുതായി നിര്‍മിച്ച റുഡ്നെവോ വ്യവസായ പാര്‍ക്ക് ലക്ഷ്യംവച്ചാണ് വിക്ഷേപിച്ചത്. എന്നാല്‍, 12 മൈല്‍ അകലെ വൊറോസ്‌കോഗോ ഗ്രാമത്തില്‍വച്ച് ഡ്രോണ്‍ തകര്‍ന്നുവീഴുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യുക്രൈയ്ന്‍ ആക്ടിവിസ്റ്റ് യൂറി റൊമാനെകോയുടെ ട്വീറ്റ് അടിസ്ഥാനമാക്കിയാണ് വാര്‍ത്ത. പുടിന്റെ സന്ദര്‍ശനവിവരം കൃത്യമായി മനസ്സിലാക്കിയശേഷമാണ് യുക്രൈയ്ന്‍ രഹസ്യാന്വേഷണ വിഭാഗം ആക്രമണം ആസൂത്രണം ചെയ്തതെന്നും ട്വീറ്റിലുണ്ട്. സംഭവത്തില്‍ റഷ്യ പ്രതികരിച്ചിട്ടില്ല.

 

 

 

Latest News