യുക്രൈനില്‍ റഷ്യന്‍, ബലാറസ് സംഗീതത്തിനും പുസ്തകങ്ങള്‍ക്കും വിലക്ക്. ഇരു രാജ്യങ്ങളിലെയും സംഗീതം പ്ലേ ചെയ്യുന്നതും വന്‍ തോതില്‍ പുസ്തകങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങി. റഷ്യന്‍ കലാകാരന്മാര്‍ക്ക് യുക്രൈനില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതിനും നിരോധനമുണ്ട്.
ജോ ബൈഡന്റെ ഭാര്യയും മകളും ഉള്‍പ്പെടെ 25 പേരെ രാജ്യത്തേക്ക് പ്രവേശിക്കുന്നത് കഴിഞ്ഞ ദിവസം റഷ്യ വിലക്കിയിരുന്നു. റഷ്യന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. റഷ്യയ്‌ക്കെതിരെയും രാജ്യത്തിന്റെ നേതാക്കള്‍ക്കെതിരെയും അമേരിക്ക നടത്തുന്ന തുടര്‍ച്ചയായ ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് വിലക്കെന്ന് വാര്‍ത്താ കുറിപ്പില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിരവധി യുഎസ് സെനറ്റര്‍മാരും പട്ടികയിലുണ്ട്.
റഷ്യയുടെ കടന്നാക്രമണം യുകെ അടക്കമുള്ള ജി 7 രാജ്യങ്ങളെ യുക്രൈന് പിന്തുണ നല്‍കാനെ സഹായിക്കൂ എന്ന് യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി പറഞ്ഞു. യുക്രൈന്‍ സേന അടിയന്തരഘട്ടത്തെ അഭിമുഖീകരിക്കുകയാണെന്ന് ജി-7 ഉച്ചകോടിയെ സെലന്‍സ്‌കി അറിയിച്ചു. സാമ്പത്തിക ശക്തികളുമായുള്ള വിഡിയോ കോണ്‍ഫ്രന്‍സില്‍ റഷ്യക്കെതിരെ പോരാടാന്‍ രാജ്യത്തിന്റെ സൈന്യത്തെ സഹായിക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ട് വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഐക്യരാഷ്ട്രസഭയുടെ ലോക ടൂറിസം സംഘടനയില്‍ നിന്നും റഷ്യ പിന്മാറിയിരുന്നു. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം ചൂണ്ടിക്കാട്ടി ഏപ്രില്‍ മാസം ലോക ടൂറിസം സംഘടന റഷ്യയെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ തങ്ങള്‍ സംഘടനയില്‍ നിന്ന് പിന്മാറുകയാണെന്ന് റഷ്യ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.