Tuesday, November 26, 2024

റഷ്യന്‍ ആയുധസംഭരണശാല ആക്രമിച്ച് യുക്രെയ്ന്‍

റഷ്യന്‍ ആയുധസംഭരണശാലയ്ക്കു നേരേ യുക്രെയ്ന്‍ ആക്രമണം. നൊവ കാഖോവ്കയിലെ റഷ്യന്‍ ആയുധകേന്ദ്രത്തിനു നേരേയാണു റോക്കറ്റ് ആക്രമണം നടത്തിയതെന്നു യുക്രെയ്ന്‍ സൈന്യം അറിയിച്ചു.

കരിങ്കടലിനടുത്ത തുറമുഖനഗരമായ ഖേഴ്‌സണില്‍നിന്ന് 55 കിലോമീറ്റര്‍ അകലെയാണ് ഈ ആയുധകേന്ദ്രം. അമേരിക്ക നല്‍കിയ ഹിമാര്‍സ് റോക്കറ്റ് ഉപയോഗിച്ചാണ് യുക്രെയ്ന്‍ ആക്രമണം നടത്തിയതെന്നാണു സൂചന.

എന്നാല്‍, ഒരു ധാതുവള കേന്ദ്രമാണു യുക്രെയ്ന്‍ ആക്രമിച്ചതെന്നു റഷ്യയിലെ ടാസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കടകള്‍ക്കും ആശുപത്രിക്കും വീടുകള്‍ക്കും കേടുപാട് സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വളനിര്‍മാണത്തിനുപയോഗിച്ച ചില ചേരുവകള്‍ സ്‌ഫോടകവസ്തുക്കളായും ഉപയോഗിക്കാറുണ്ട്.

ബ്രിട്ടീഷ് സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഡൊണറ്റ്‌സ്‌ക് മേഖലയില്‍ റഷ്യ മുന്നേറ്റം തുടരുകയാണ്. ഇവിടെ താമസിക്കുന്ന 3.5 ലക്ഷത്തിലധികം ആളുകളോട് ഒഴിഞ്ഞുപോകാന്‍ കഴിഞ്ഞയാഴ്ചതന്നെ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ജനങ്ങള്‍ ഇതിനു തയാറായിട്ടില്ല. അതേസമയം, കഴിഞ്ഞ ദിവസം കിഴക്കന്‍ യുക്രെയ്‌നിലെ പാര്‍പ്പിടസമുച്ചയത്തിനു നേരേ റഷ്യ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി.

 

 

Latest News