Sunday, January 26, 2025

റഷ്യൻ ഓയിൽ റിഫൈനറിയിൽ ഡ്രോൺ ആക്രമണം നടത്തിയതായി അവകാശപ്പെട്ട് യുക്രൈൻ

മോസ്‌കോയിലെയും സമീപപ്രദേശങ്ങളിലെയും എണ്ണശുദ്ധീകരണശാലയും മറ്റു  സ്ഥലങ്ങളും ലക്ഷ്യമിട്ട് യുക്രൈൻ റഷ്യയ്‌ക്കെതിരെ വൻ ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്. കുറഞ്ഞത് 121 ഡ്രോണുകളെങ്കിലും ഉൾപ്പെട്ട ആക്രമണം, യുദ്ധകാലത്തെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ഒറ്റ ഓപ്പറേഷനുകളിലൊന്നാണ്. മോസ്‌കോയുടെ തെക്കുകിഴക്കുള്ള റിയാസാൻ മേഖലയിലെ റിഫൈനറിക്കും പമ്പിംഗ് സ്റ്റേഷനും മുകളിൽ അഗ്നിഗോളം ഉയരുന്ന വീഡിയോ ദൃശ്യങ്ങൾ കാണിക്കുന്നു.

121 ഡ്രോണുകളും വെടിവച്ചിട്ടതായി റഷ്യൻ അധികൃതർ അവകാശപ്പെടുന്നു. എന്നാൽ യുക്രേനിയൻ ഉദ്യോഗസ്ഥർ പറയുന്നത്, എണ്ണശുദ്ധീകരണശാലയും മിസൈൽ ഘടകങ്ങൾ നിർമിക്കുന്ന ബ്രയാൻസ്കിലെ ഒരു ഫാക്ടറിയും തകർന്നുവെന്നാണ്. ക്രെംലിൻ ആക്രമണം അംഗീകരിച്ചിട്ടുണ്ടെങ്കിലും നാശനഷ്ടങ്ങളെക്കുറിച്ചോ, ആളപായത്തെക്കുറിച്ചോ പരാമർശിച്ചിട്ടില്ല.

യുക്രൈനിൽ, കീവ് മേഖലയിലെ ഒരു റസിഡൻഷ്യൽ കെട്ടിടത്തിൽ റഷ്യൻ ഡ്രോൺ ഇടിച്ചതിനെ തുടർന്ന് മൂന്നുപേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ആക്രമണങ്ങൾ വ്യോമഗതാഗതത്തെ തടസ്സപ്പെടുത്തി. മോസ്കോയിലെ രണ്ട് വിമാനത്താവളങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. ആറ് വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായി റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News