Tuesday, November 26, 2024

ആണവനിലയത്തിനു സമീപം റഷ്യ വലിയ ആക്രമണത്തിന് പദ്ധതികൾ ഇടുന്നതായി ഉക്രൈൻ

സപ്പോരിജിയ ആണവ നിലയത്തിൽ ഒരു വലിയ ആക്രമണം നടത്തുവാൻ റഷ്യ പദ്ധതിയിടുന്നതായി മുന്നറിയിപ്പ് നൽകി ഉക്രൈയ്നിന്റെ പ്രതിരോധ മന്ത്രാലയം. മോസ്‌കോ പിടിച്ചടക്കിയ പ്രദേശം തിരിച്ചുപിടിക്കാൻ ഉക്രൈനിൽ നിന്നും പ്രതീക്ഷിക്കുന്ന പ്രത്യാക്രമണത്തെ പരാജയപ്പെടുത്തുന്നതിനായി ആണ് റഷ്യ ഈ ആക്രമണത്തിന് പദ്ധതിയിടുന്നതെന്നും ഉക്രൈൻ വ്യക്തമാക്കി.

റഷ്യയുടെ അധീനതയിലുള്ള തെക്കൻ ഉക്രൈനിലെ ഒരു പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സപ്പോരിജിയ പ്ലാന്റ് യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമാണ്. ഇതിനു ചുറ്റും ഇരു രാജ്യങ്ങളും അപകടകരമായ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. അതിനു ഇരുരാജ്യങ്ങളും പരസ്പരം പഴിചാരുകയുമായിരുന്നു ഇതുവരെ. ഉക്രൈനിൽ നിന്ന് പ്രതീക്ഷിക്കുന്ന പ്രത്യാക്രമണത്തിന് മുന്നോടിയായി, സപ്പോരിജിയയ്ക്ക് ചുറ്റും വർദ്ധിച്ചുവരുന്ന സൈനിക പ്രവർത്തനങ്ങൾക്കിടയിൽ ഒരു ആണവ ദുരന്തം സംഭവിക്കുമെന്ന ആശങ്ക ലോകരാഷ്ട്രങ്ങളെയും ഭയപ്പെടുത്തുണ്ട്.

“അവർ സാപോരിജിയ ന്യൂക്ലിയർ പവർ പ്ലാന്റ് പ്രദേശം ആക്രമിക്കാൻ പദ്ധതിയിടുന്നു. അതിനുശേഷം, റേഡിയോ ആക്ടീവ് പദാർത്ഥങ്ങളുടെ ചോർച്ച അവർ പ്രഖ്യാപിക്കും,” ഇന്റലിജൻസ് ഡയറക്ടറേറ്റ് പ്രസ്താവനയിലും പിന്നീട് സോഷ്യൽ മീഡിയ ചാനലുകളിലും പറഞ്ഞു. പ്ലാന്റിൽ നിന്ന് റേഡിയോ ആക്ടീവ് വസ്തുക്കൾ ചോർന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ആഗോള തലത്തിൽ കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതിനു കാരണമാകുമെന്നും അന്താരാഷ്ട്ര അധികാരികളുടെ അന്വേഷണത്തിന് നിർബന്ധിതമാകുമെന്നും ഈ സമയത്ത് എല്ലാ ശത്രുതകളും അവസാനിപ്പിക്കുവാൻ തങ്ങൾ നിർബന്ധിതരാകുമെന്നും ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടി. റഷ്യ ആ അവസരം ഉപയോഗിച്ച് തങ്ങളുടെ സേനയെ പുനഃസംഘടിപ്പിക്കുകയും ഉക്രേനിയൻ പ്രത്യാക്രമണം തടയുകയും ചെയ്യും എന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.

ഇത്തരം ഒരു സാഹചര്യം ഉണ്ടായാൽ അവർ ഉറപ്പായും ഉക്രൈനെ പഴി പറയും. ഈ സമയം ആക്രമണത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് അന്വേഷിക്കാൻ അന്താരാഷ്ട്ര സമൂഹത്തെ പ്രകോപിപ്പിക്കുകയും യുദ്ധം താൽക്കാലികമായി നിർത്തുകയും ചെയ്യും. ഇതാണ് റഷ്യ ഈ ആക്രമണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും ഉക്രൈൻ ചൂണ്ടിക്കാട്ടി.

 

Latest News