റഷ്യന്‍ സേനയുടെ ആക്രമണത്തില്‍ യുക്രെയ്‌നിലെ 152 പൈതൃക കേന്ദ്രങ്ങള്‍ തകര്‍ന്നതായി ഐക്യരാഷ്ട്രസഭയുടെ സാംസ്‌കാരിക വിഭാഗമായ യുനെസ്‌കോ അറിയിച്ചു. പള്ളികള്‍, മറ്റ് ആരാധനാലയങ്ങള്‍, മ്യൂസിയങ്ങള്‍, ലൈബ്രറികള്‍, സ്മാരകങ്ങള്‍ തുടങ്ങിയവയാണു നശിപ്പിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, സെന്റ് സോഫിയ കത്തീഡ്രല്‍ അടക്കം യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ഏഴു കേന്ദ്രങ്ങള്‍ക്കു കുഴപ്പമില്ല.
കീവ്, ഖാര്‍കീവ്, ഡോണ്‍ബാസ് മേഖലകളിലാണു കൂടുതല്‍ നാശം. പൈതൃകകേന്ദ്രങ്ങള്‍ക്കു നേര്‍ക്കുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് യുനെസ്‌കോ ഡയറക്ടര്‍ ഓഡ്രി അസുലെയ് ആവശ്യപ്പെട്ടു.
മനപ്പൂര്‍വം പൈതൃകകേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നു കണ്ടെത്തിയാല്‍ റഷ്യന്‍ പട്ടാളക്കാര്‍ക്കെതിരേ വിചാരണനടപടികള്‍ ആരംഭിക്കുമെന്നു യുനസ്‌കോ മുന്നറിയിപ്പു നല്കി.