യുക്രൈനു മേലുള്ള യുദ്ധഭീതി ഒഴിയുന്നു. ക്രിമിയയിലെ സൈനികാഭ്യാസം അവസാനിപ്പിക്കുന്നതായി റഷ്യ വ്യക്തമാക്കി. സൈനിക പിന്‍മാറ്റത്തിന്റെ ദൃശ്യം റഷ്യ പുറത്തുവിടുകയും ചെയ്തു. ഇന്നലെ തന്നെ ഏതാനും സൈനികരെ പിന്‍വലിച്ചതിന്റെ ദൃശ്യമാണ് പുറത്തുവിട്ടത്. സൈനിക പിന്മാറ്റമെന്ന റഷ്യയുടെ പ്രഖ്യാപനം അമേരിക്ക വിശ്വാസത്തിലെടുക്കാത്ത സാഹചര്യത്തിലാണ് റഷ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
സതേണ്‍ മിലിറ്ററി ഡിസ്ട്രിക്ട് യൂണിറ്റ് ആണ് അവരുടെ സൈനികാഭ്യാസം പൂര്‍ത്തിയാക്കി സ്ഥിര വിന്യാസ പോയിന്റിലേയ്ക്ക് പിന്‍മാറിയതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയും റഷ്യന്‍ ന്യൂസ് ഏജന്‍സികളും വ്യക്തമാക്കി.
തര്‍ക്കമേഖലയുമായി റഷ്യയെ ബന്ധിപ്പിക്കുന്ന പാലത്തില്‍ കൂടി സൈന്യം കടന്നുപോകുന്ന ദൃശ്യമാണ് പുറത്തുവിട്ടിരിക്കുന്നത്. സതേണ്‍, വെസ്റ്റേണ്‍ മിലിട്ടറി ഡിസ്ട്രിക്ട് യൂണിറ്റുകള്‍ റെയില്‍, റോഡ് മാര്‍ഗം അവരുടെ വിന്യാസ കേന്ദ്രങ്ങളിലേയ്ക്ക് തിരികെ പോയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
റഷ്യയുടെ വാക്കിനെക്കാള്‍, സൈന്യത്തെ പിന്‍വലിച്ചെന്ന് ബോധ്യപ്പെടണമെങ്കില്‍ നേരിട്ട് കണ്ടറിയണമെന്ന് യുക്രൈയ്ന്‍ അവകാശപ്പെട്ടു. ‘നിങ്ങള്‍ കേള്‍ക്കുന്നത് വിശ്വസിക്കരുത്. നിങ്ങള്‍ കാണുന്നത് മാത്രം വിശ്വസിക്കുക’ എന്നായിരുന്നു യുക്രൈയ്ന്‍ പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവ് റഷ്യയുടെ പിന്‍മാറ്റത്തോട് പ്രതികരിച്ചത്.
റഷ്യന്‍ ടാങ്കുകള്‍ യുദ്ധമാരംഭിക്കാനായി അക്രമണ സ്ഥാനങ്ങളിലേക്ക് നീങ്ങുകയാണെന്ന അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് തൊട്ട് പിന്നാലെയാണ് അതിര്‍ത്തിയിലെ കുറച്ച് സൈനികരെ പിന്‍വലിച്ചതായി റഷ്യ അറിയിച്ചത്.