ഉക്രൈന്റെ തലസ്ഥാനമായ കീവിനെ ലക്ഷ്യമാക്കി വന്ന റഷ്യയുടെ ഹൈപ്പർസോണിക് മിസൈൽ തകർത്തതായി ഉക്രെയ്നിന്റെ വ്യോമസേന. അമേരിക്കയുടെ പാട്രിയറ്റ് പ്രതിരോധ സംവിധാനം ഉപയോഗിച്ചായിരുന്നു പ്രതിരോധം. റഷ്യയുടെ അത്യാധുനികമായ മിസൈലുകളിലൊന്നായ ഹൈപ്പർസോണിക് മിസൈലിനെ ഉക്രൈന് പ്രതിരോധിക്കാൻ കഴിയുന്നത് ഇതാദ്യമാണ്.
കഴിഞ്ഞ ആഴ്ച ആദ്യം ഉക്രൈൻ തലസ്ഥാനത്ത് രാത്രിയിൽ ‘കിൻസാൽ’ വിഭാഗത്തിൽപ്പെട്ട ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് റഷ്യ നടത്തിയ ആക്രമണം തടഞ്ഞുവെന്ന് എയർഫോഴ്സ് കമാൻഡർ മൈക്കോള ഒലെഷ്ചുക്ക് പറഞ്ഞു. ഉക്രൈൻ ആദ്യമായാണ് പാട്രിയറ്റ് പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിക്കുന്നത്. Kh-47 മിസൈൽ റഷ്യൻ പ്രദേശത്ത് നിന്ന് MiG-31K വിമാനമാണ് വിക്ഷേപിച്ചതെന്നും പാട്രിയറ്റ് മിസൈൽ സംവിധാനം ഉപയോഗിച്ച് വെടിവച്ചിട്ടതായും ഒലെഷ്ചുക്ക് പറഞ്ഞു.
ഏറ്റവും പുതിയതും അത്യാധുനികവുമായ റഷ്യൻ ആയുധങ്ങളിലൊന്നാണ് കിൻസാൽ. ഈ വിഭാഗത്തിൽപ്പെട്ട ബാലിസ്റ്റിക് മിസൈലിന് 2,000 കിലോമീറ്റർ വരെ ദൂരപരിധിയുണ്ടെന്നും ശബ്ദത്തിന്റെ 10 മടങ്ങ് വേഗതയിൽ പറക്കാൻ കഴിയുമെന്നും അതിനാൽ മിസൈലിനെ പ്രതിരോധിക്കാൻ പ്രയാസകരമാണെന്നും ആണ് റഷ്യൻ സൈന്യം അവകാശപ്പെട്ടിരുന്നത്.
കിൻസാൽ മിസൈലുകൾ തടയാൻ കഴിയുന്ന പ്രതിരോധ സംവിധാനം ഇല്ലെന്ന് ഉക്രൈൻ സൈന്യവും നേരത്തെ സമ്മതിച്ചിരുന്നു. കിൻസലിനെ വിജയകരമായി തടഞ്ഞത് റഷ്യയുടെ മുഖത്തേറ്റ അടിയായാണ് ഉക്രൈൻ വിലയിരുത്തുന്നത്.
ഏപ്രിൽ അവസാനത്തോടെയാണ് ഉക്രൈന് അമേരിക്കയുടെ മിസൈൽ പ്രതിരോധ സംവിധാനമായ പാട്രിയറ്റ് മിസൈലുകളുടെ ആദ്യ ഡെലിവറി എത്തിയത്. ഇത് എത്രയെണ്ണമുണ്ടെന്നോ അവ എവിടെയൊക്കെയാണ് വിന്യസിച്ചിട്ടുണ്ടെന്നോ സൈന്യം വ്യക്തമാക്കിയിട്ടില്ല.