റഷ്യൻ സൈനിക വ്യോമത്താവളത്തിന് മുകളിൽ ഡ്രോൺ ആക്രമണം നടത്തി ഉക്രെയ്ൻ. ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി റഷ്യൻ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. മോസ്കോയിൽ നിന്ന് ഏകദേശം 800 കിലോമീറ്റർ ദൂരത്തായി പടിഞ്ഞാറൻ തുറമുഖ നഗരമായ ഏംഗൽസിലാണ് യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതെന്നാണ് റഷ്യ ആരോപിക്കുന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഉക്രെയ്ൻ ഇതുവരെയും ഏറ്റെടുത്തിട്ടില്ല. ഉക്രെയ്നിൽ റഷ്യ ചെയ്യുന്ന ആക്രമണങ്ങളുടെ അനന്തരഫലം മാത്രമാണ് സ്‌ഫോടനങ്ങളെന്നായിരുന്നു ഉക്രെയ്ൻ വ്യോമസേനാ വക്താവിന്റെ പ്രതികരണം. യുദ്ധം റഷ്യക്കാരെ ബാധിക്കില്ലെന്ന തോന്നൽ വെറും തെറ്റിദ്ധാരണയാണ്. ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കുമെന്നും ഉക്രെയ്ൻ വ്യോമസേന വക്താവ് വ്യക്തമാക്കി.
ജനവാസ മേഖലകളിൽ അടിയന്തര സാഹചര്യം നിലനിൽക്കുന്നില്ലെന്ന് മേഖലയിലെ പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. സാധാരണക്കാർക്ക് നേരെയോ അവരുടെ വസ്തുവകകൾ ലക്ഷ്യമിട്ടോ ആക്രമണമുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ ഉക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്കി തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ ആശയവിനിമയം നടത്തി. മേഖലയിൽ സമാധാനം നിലനിർത്താൻ ഇന്ത്യയുടെ സഹായം ഉക്രെയ്ൻ അഭ്യർത്ഥിച്ചു,