Saturday, April 19, 2025

വരും ദിവസങ്ങള്‍ യുക്രെയ്നിന് നിര്‍ണായകമെന്ന് പാശ്ചാത്യ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്

വരും ദിവസങ്ങള്‍ യുക്രെയ്നിന് നിര്‍ണായകമാണെന്ന് പാശ്ചാത്യ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കി. കാരണം യുക്രൈനില്‍ കൂടുതല്‍ ആക്രമണം അഴിച്ചു വിടുന്നതിനായി റഷ്യന്‍ സൈന്യം വീണ്ടും സജ്ജീകരിക്കുകയും നവീകരിക്കുകയും വീണ്ടും വിന്യസിക്കുകയും ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

കിഴക്കന്‍ യുക്രെയ്‌നിലെ അടുത്ത ആക്രമണത്തിനായി പതിനായിരക്കണക്കിന് സൈനികരെ റഷ്യ സജ്ജീകരിക്കുകയാണെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി പറഞ്ഞു. തുറമുഖ നഗരമായ മരിയൂപോളില്‍ റഷ്യ നടത്തിയ ബോംബാക്രമണത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ മരിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നും സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

മാരിയുപോളിനെ ആക്രമിച്ച റഷ്യന്‍ സൈന്യം രാസായുധം പ്രയോഗിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചുവരികയാണെന്ന് യുഎസും ബ്രിട്ടനും അറിയിച്ചു. നഗരത്തില്‍ റഷ്യയ്ക്കെതിരെ യുക്രേനിയന്‍ സൈന്യം പിടിച്ചുനില്‍ക്കുകയാണെന്ന് മരിയുപോളിന്റെ ഡെപ്യൂട്ടി മേയര്‍ സെര്‍ഹി ഒര്‍ലോവ് പറഞ്ഞു.

റഷ്യ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് കൂടുതല്‍ അകന്നുകൊണ്ടിരിക്കുകയാണെന്ന് യുക്രേനിയന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കി തന്റെ ഫെയ്സ്ബുക്ക് പ്രസംഗത്തില്‍ പറഞ്ഞു. ‘അപകടകരമായ യുദ്ധോപകരണങ്ങള്‍ റഷ്യ നഗരങ്ങളില്‍ ഉപേക്ഷിച്ചിട്ടുണ്ട്. അധിനിവേശക്കാര്‍ പലയിടത്തും സൈനിക കിടങ്ങുകള്‍ നിര്‍മ്മിച്ചാണ് ഉപേക്ഷിച്ചത്. അവര്‍ പിടിച്ചെടുത്ത വീടുകളില്‍, തെരുവുകളില്‍, വയലുകളില്‍ പോലും. അവര്‍ ആളുകളുടെ സ്വത്ത് പിടിച്ചെടുത്തു, കാറുകള്‍, വീടുകള്‍ എല്ലാം നശിപ്പിച്ചു’. അദ്ദേഹം പറഞ്ഞു.

റഷ്യ യുക്രെയ്‌നില്‍ രാസായുധങ്ങള്‍ വിന്യസിക്കാന്‍ പദ്ധതിയിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഈ മുന്നറിയിപ്പ് ഗൗരവമായി എടുക്കണമെന്നും തങ്ങളുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്താന്‍ യുക്രേനിയക്കാരോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇനിയുള്ള പ്രധാന ദൗത്യം കൃത്യമായ പ്രതിരോധ നടപടികളാണ്’. അദ്ദേഹം യുക്രേനിയന്‍ പൗരന്മാരോട് പറഞ്ഞു. യുക്രെയ്‌നിന്റെ സൈന്യം റഷ്യയുടെ സേനയെക്കാള്‍ ധീരരാണ്. വിവേകത്തോടെയും തന്ത്രങ്ങളിലൂടെയും തിരിച്ചടിക്കാന്‍ നമുക്കാവുന്നുണ്ട്. അദ്ദേഹം പറഞ്ഞു.

Latest News