ഉക്രൈൻ സൈന്യം ശക്തമായ തിരിച്ചടി നടത്തിയതിന്റെ ഫലമായി റഷ്യൻ സേന ആയുധങ്ങൾ ഉപേക്ഷിച്ച് പിൻവാങ്ങുന്നു. കഴിഞ്ഞ ദിവസം കിഴക്കൻ ഉക്രെയ്നിലെ കുപ്യാൻസ്ക് നഗരം ഉക്രൈൻ സേന പിടിച്ചതോടെ ആണ് ഈ മേഖലയിൽ നിന്ന് റഷ്യൻ സേനയുടെ പിൻവാങ്ങൽ. റഷ്യയിൽ നിന്ന് സേനയ്ക്കാവശ്യമായ സാധനങ്ങളെല്ലാം റെയിൽ മാർഗം എത്തിച്ച് വിതരണം ചെയ്തിരുന്ന പ്രധാന കേന്ദ്രമാണ് റെയിൽ നഗരമായ കുപ്യാൻസ്ക്. ഈ നഗരത്തിൽ നിന്ന് റഷ്യൻ പതാക നീക്കി ഉക്രൈൻ പതാക സ്ഥാപിച്ചു.
വടക്കൻ ഉക്രൈനിലെ റഷ്യൻ സേനയ്ക്ക് വേണ്ട സാധനങ്ങൾ എത്തിച്ചിരുന്ന ഈ റെയിൽ പാത ഉക്രൈൻ നിയന്ത്രണത്തിലായതോടെ മുൻനിരയിലെ ആയിരക്കണക്കിനു റഷ്യൻ സൈനികർ കുടുങ്ങിയ നിലയിലാണ്. ഇസിയം നഗരത്തിലും സ്ഥിതി സമാനമാണ്. ടാങ്കുകളും മറ്റ് ആയുധങ്ങളും ഉപേക്ഷിച്ച് റഷ്യൻ സൈനികർ രക്ഷപ്പെടാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്. ഉക്രൈൻ സേന തിരിച്ചുപിടിച്ച ഗ്രാമങ്ങളിൽ പലയിടത്തും റഷ്യൻ ടാങ്കുകളും കവചിതവാഹനങ്ങളും കത്തിയെരിയുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നു.
ഹർകീവിൽ റഷ്യയുടെ മുൻനിര സേനയ്ക്കു തിരിച്ചടിയുണ്ടായതായി റഷ്യൻ പ്രതിരോധ മന്ത്രാലയം സമ്മതിച്ചു. അവിടേയ്ക്ക് കൂടുതൽ സേനയെ അയച്ചിട്ടുണ്ടെന്നും വൈകാതെ കാര്യങ്ങൾ നിയന്ത്രണത്തിലാക്കുമെന്നും പറഞ്ഞു. കുപ്യാൻസ്ക്, ഇസിയം നഗരങ്ങളിൽ റഷ്യ നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥർ പിൻവാങ്ങുന്നതിനു മുൻപ് ജനങ്ങളോട് ഒഴിഞ്ഞുപോകാൻ നിർദേശം നൽകി.