യു. എസ്. നിർമിത ദീർഘദൂര മിസൈലുകൾ യുക്രൈൻ റഷ്യയ്‌ക്കെതിരെ വിക്ഷേപിച്ചതായി അറിയിച്ച് റഷ്യൻ സർക്കാർ. യു. എസ്. നിർമിത ദീർഘദൂര മിസൈലുകൾ റഷ്യൻ പ്രദേശത്തേക്ക് ഉപയോഗിക്കാൻ വാഷിംഗ്ടൺ യുക്രൈന് അനുമതി നൽകിയതിനു പിന്നാലെയായിരുന്നു ആക്രമണം.
യുക്രൈൻ, അമേരിക്കയുടെ ആർമി ടാക്‌റ്റിക്കൽ മിസൈൽ സിസ്റ്റം ഉപയോഗിച്ചതായി യു. എസ്. ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. എന്നാൽ, യുക്രൈൻ അതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ചൊവ്വാഴ്ച രാവിലെ വടക്കൻ യുക്രൈനുമായി അതിർത്തി പങ്കിടുന്ന റഷ്യയുടെ ബ്രയാൻസ്ക് മേഖലയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അഞ്ച് മിസൈലുകൾ വെടിവച്ചു വീഴ്ത്തിയതായും ഒരെണ്ണം ലക്ഷ്യസ്ഥാനത്ത് പതിക്കുകയും അതിന്റെ ശകലങ്ങൾ സമീപത്തെ സൈനികകേന്ദ്രത്തിൽ തീപിടുത്തത്തിനു കാരണമായെന്നും പ്രസ്താവനയിൽ പറയുന്നു.
എന്നാൽ, യുക്രൈൻ വിക്ഷേപിച്ച എട്ടോളം മിസൈലുകളിൽ രണ്ട് മിസൈലുകൾ മാത്രമാണ് റഷ്യ തടഞ്ഞതെന്ന് യു. എസ്. അവകാശപ്പെട്ടു. അതേസമയം, റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് വാഷിംഗ്ടൺ സംഘർഷം വർധിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു.