റഷ്യയിൽ നിന്ന് തെക്കും കിഴക്കുമായി 1,000 ചതുരശ്ര കിലോമീറ്ററിലധികം പ്രദേശങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി തിരിച്ചുപിടിച്ചു. ഇതു സംബന്ധിച്ച വെളിപ്പെടുത്തൽ ഉക്രൈൻ പ്രസിഡണ്ട് വോളോഡിമർ സെലെൻസ്കി നടത്തി. ഖാർകിവ് മേഖലയിൽ 30-ലധികം സെറ്റിൽമെന്റുകളാണ് ഉക്രൈൻ തിരിച്ചുപിടിച്ചത്.
ഖാർകിവ് മേഖലയിലെ റഷ്യയുടെ അധിനിവേശത്തെ ഉക്രേനിയക്കാർ തകർത്തതായും സുപ്രധാന വിജയം നേടിയതായും റഷ്യൻ ഉദ്യോഗസ്ഥൻ വിറ്റാലി ഗഞ്ചേവ് വ്യക്തമാക്കി. റഷ്യൻ അധീനതയിലുള്ള ഖാർകിവിലെ ഏറ്റവും പ്രധാനപ്പെട്ട നഗരകേന്ദ്രങ്ങളിലൊന്നായ കുപിയാൻസ്കിൽ നിന്നും മറ്റ് രണ്ട് നഗരങ്ങളിൽ നിന്നും സാധാരണക്കാരെ ഒഴിപ്പിക്കുകയാണെന്ന് ഗഞ്ചേവ് ചൂണ്ടിക്കാട്ടി. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് വാർ തിങ്ക് ടാങ്കിന്റെ വിശകലനം അനുസരിച്ച്, കെയ്വിന്റെ സൈനികർ ഇപ്പോൾ കുപിയാൻസ്കിൽ നിന്ന് 15 കിലോമീറ്റർ (9 മൈൽ) അകലെയാണ്.
80 സൈനികരെ വഹിക്കാൻ ശേഷിയുള്ള ഭീമാകാരമായ എംഐ -26 ട്രാൻസ്പോർട്ട് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് റഷ്യ ഈ മേഖലയിലേക്ക് റോഡ് മാർഗ്ഗവും വിമാനമാർഗ്ഗവും ശക്തിപ്പെടുത്തിയിരിക്കുന്നു. മൂന്ന് ദിവസത്തിനുള്ളിൽ തങ്ങളുടെ സൈന്യം 50 കിലോമീറ്റർ (30 മൈൽ) മുന്നേറിയതായി യുക്രൈൻ സൈന്യം പ്രത്യേക ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കൂടാതെ, യുക്രൈന്റെ പതാക സ്ഥാപിക്കുന്ന ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.