Monday, November 25, 2024

ബുച്ചയില്‍ യുദ്ധക്കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട 10 റഷ്യന്‍ സൈനികര്‍ക്കായി യുക്രെയ്ന്‍ അന്വേഷണം ആരംഭിച്ചു

തലസ്ഥാനമായ കീവിനു പുറത്തുള്ള പട്ടണമായ ബുച്ചയില്‍ യുദ്ധക്കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട 10 റഷ്യന്‍ സൈനികര്‍ക്കായി യുക്രെയ്ന്‍ തിരച്ചില്‍ ആരംഭിച്ചു. അവിടെ റഷ്യന്‍ സൈനികര്‍ സാധാരണക്കാരെ പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തു എന്ന കുറ്റങ്ങളാണ് യുക്രൈന്‍ ആരോപിക്കുന്നത്.

‘നിന്ദ്യരായ പത്തു പേര്‍’ എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് സൈനികരുടെ ചിത്രങ്ങള്‍ പ്രതിരോധ മന്ത്രാലയം പങ്കുവെച്ചത്. ആസൂത്രിതമായ കൊലപാതകം എന്ന കുറ്റത്തിനാണ് ഇവര്‍ക്കെതിരെ അന്വേഷണം നടക്കുന്നതെന്നും നിരപരാധികളായ സാധാരണക്കാരെ ബന്ദികളാക്കിയതിനും അവരെ തല്ലിച്ചതച്ചതിനും വീടുകള്‍ കൊള്ളയടിച്ചതിനും അവര്‍ ശിക്ഷ സ്വീകരിച്ചേ മതിയാകൂ എന്നും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

സംശയിക്കുന്നവരെ തടങ്കലില്‍ വയ്ക്കുന്നതിനും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനുമായി അവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടത്തുന്നതായി പ്രഖ്യാപിക്കുന്നു എന്ന് യുക്രെയ്നിലെ പ്രോസിക്യൂട്ടര്‍ ജനറല്‍ ഐറിന വെനിഡിക്ടോവ പറഞ്ഞു.

എന്നാല്‍ ഒരു മാസത്തിലേറെയായി 64-ാമത്തെ മോട്ടറൈസ്ഡ് ഇന്‍ഫന്‍ട്രി ബ്രിഗേഡിന്റെ നിയന്ത്രണത്തിലായിരുന്ന ബുച്ചയില്‍ കുറ്റകൃത്യങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് മോസ്‌കോ വാദിക്കുന്നത്. കൂടാതെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ഈ ബ്രിഗേഡിന് ‘വീര്യവും, ദൃഢതയും ധൈര്യവു’മുള്ള സംഘമെന്ന വിശേഷണവും നല്‍കി.

എന്നാല്‍ ഈ ബ്രിഗേഡ് ബുച്ചയെ നിയന്ത്രിച്ച സമയത്ത് നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു എന്നത് വ്യക്തമാണ്. പട്ടണത്തില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്മാറിയതിനുശേഷം ആയിരക്കണക്കിന് യുദ്ധക്കുറ്റങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിരുന്നു.

Latest News