“ആ സമയം മകന്റെ ഒപ്പം ഞാൻ ഹോം വർക്ക് ചെയ്യുകയായിരുന്നു. അപ്പോഴാണ് ഞങ്ങളുടെ വീടിന്റെ ഒരു വശത്തേയ്ക്ക് മിസൈൽ പതിച്ചത്. എന്റെ ഹൃദയം നിശ്ചലമായ അവസ്ഥയിലായിരുന്നു അപ്പോൾ. ഞങ്ങൾ കോറിഡോറിന്റെ അടിയിലേക്ക് ഓടി. മിസൈൽ പതിച്ചതിന്റെ ആഘാതത്തിൽ ഡോർ ജാമായിപോയിരുന്നു” – ഉക്രൈനിൽ കഴിഞ്ഞ ദിവസം റഷ്യ നടത്തിയ ആക്രമണത്തിന് ഇരയായ ഒരു വീട്ടമ്മയുടെ വാക്കുകളാണ് ഇത്. വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു.
ഞങ്ങൾ ഈ സമയം രണ്ടാം നിലയിൽ ആയിരുന്നു. നിലത്ത് മുഴുവൻ ഗ്ലാസ് കഷണങ്ങൾ നിറഞ്ഞു. എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു. ബാൽക്കണിയും സീലിങ്ങും തകർന്നു എന്ന് ഈ വീട്ടമ്മ വെളിപ്പെടുത്തുന്നു. ആക്രമണം നടന്ന നഗരങ്ങളിൽ രക്ഷാപ്രവർത്തനം ശക്തമാക്കിയിരിക്കുകയാണ്. അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ ഇനിയും കുടുങ്ങി കിടപ്പുണ്ടെന്നാണ് വിവരം.
മധ്യ ഉക്രൈനിലെ ജനനിബിഡ നഗരമായ ക്രിവി റിയാ, ഹേഴ്സൻ എന്നിവിടങ്ങളിൽ വെള്ളിയാഴ്ചയാണ് റഷ്യ മിസൈൽ ആക്രമണം നടത്തിയത്. 76 മിസൈലുകളാണ് പ്രയോഗിച്ചത്. ഇതിൽ 60 എണ്ണം വെടിവച്ചിട്ടതായി ഉക്രൈൻ സൈനിക മേധാവി അവകാശപ്പെടുന്നു. റഷ്യ ഇതുവരെ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ ഏറ്റവും ശക്തമായിരുന്നു ഇതെന്നാണു വിലയിരുത്തൽ. മരിച്ചവരിൽ മൂന്നു പേർ ക്രിവി റിയായിൽ നിന്നുള്ളവരും ഒരാൾ ഹേഴ്സണിൽ നിന്നുള്ള ആളുമാണ്.