റഷ്യയുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ യു.എസില്‍നിന്നും കൂടുതല്‍ സൈനിക സാമ്പത്തികസഹായം ലഭ്യമാക്കാനുള്ള സമ്മര്‍ദ്ദനീക്കവുമായി യുക്രൈന്. എൻ.ബി.സിയുടെ മീറ്റ് ദി പ്രസ് പരിപാടിയിലാണ് യു.എസില്‍നിന്നും കൂടുതല്‍ സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുന്നതായി യുക്രൈന് പ്രസിഡന്റ് വ്ളാഡിമാര്‍ സെലന്‍സ്കി വെളിപ്പെടുത്തിയത്. മുൻ യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ യുക്രൈനിലേക്ക് ക്ഷണിച്ചതായും സെലന്‍സ്കി വെളിപ്പെടുത്തി.
“ഇപ്പോൾ യുക്രൈനെ സഹായിച്ചില്ലെങ്കിൽ റഷ്യയുമായുള്ള വലിയ സംഘട്ടനത്തിലേക്ക് അമേരിക്കൻ സൈനികർ വലിച്ചെറിയപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ സൈനിക സാമ്പത്തികസഹായങ്ങള്‍ യു.എസ് നല്‍കേണ്ടത് അനിവാര്യമാണ്” – സെലന്‍സ്കി പറഞ്ഞു. യുദ്ധത്തിന്റെ വ്യാപ്തിയും കെടുതിയും അറിയാൻ മുൻ യു.എസ് പ്രസിഡന്റിനെ യുക്രൈനിലേക്ക് ക്ഷണിച്ചതായും അദ്ദേഹം എൻ.ബി.സിയുടെ മീറ്റ് ദി പ്രസില്‍ വ്യക്തമാക്കി.
അതേസമയം, യു.എസ് പ്രസിഡന്റ് ജോ ബൈഡൻ 10,000 കോടി ഡോളറിന്റെ അനുബന്ധ ചെലവ് ബിൽ പാസ്സാക്കാൻ യു.എസ് കോൺഗ്രസിൽ സമ്മർദ്ദം ചെലുത്തുകയാണ്. ഇതിൽ ഭൂരിഭാഗവും യുക്രൈന് നല്‍കാനാണെന്നാണ് വിവരം. യുക്രൈനെ പരിധിവിട്ട് സഹായിക്കുന്നതില്‍ യു.എസില്‍ അതൃപ്തി രൂക്ഷമാകുന്നതിനിടെയാണ് ബൈഡന്റെ നീക്കം. നേരത്തെ, യുക്രൈന് 425 മില്യൺ ഡോളറിന്റെ ആയുധസഹായംകൂടി നല്‍കുമെന്ന് ബൈഡന് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.