റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോയ കുട്ടികളെ മടക്കിക്കൊണ്ടുവരാന്‍ സഹായിക്കണമെന്ന് ലോക നേതാക്കളോട് ആഭ്യര്‍ഥിച്ച് യുക്രൈന്‍. രാജ്യത്തെ പ്രഥമ വനിതയായ ഒലീന സെലെൻസ്കിയാണ് അഭ്യര്‍ഥനയുമായി രംഗത്തെത്തിയത്. യുക്രൈന്‍ കുട്ടികള്‍ ബെലാറസ് ഫ്ലാഗിന് സല്യൂട്ട് ചെയ്യുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നതിനെ പിന്നാലെയാണ് അഭ്യര്‍ഥന.
അധിനിവേശ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക്, സപ്പൊറീയേഷ മേഖലകളിൽ നിന്ന് ആയിരത്തിലധികം യുക്രെയ്നിയൻ കുട്ടികളെയാണ് റഷ്യ അനധികൃതമായി കടത്തിക്കൊണ്ട് പോയത്. ഇതില്‍ 386 പേരെ മാത്രം രാജ്യത്തേക്ക് തിരികയെത്തിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ റഷ്യയിലേക്കോ അവരുടെ അധീനതയിലുള്ള പ്രദേശങ്ങളിലോ ആണെന്നാണ് യുക്രൈന്‍റെ വിലയിരുത്തല്‍. ഈ കുട്ടികളെ രാജ്യത്തേക്ക് മടക്കി എത്തിക്കാന്‍ സഹായിക്കണമെന്നാണ് യുഎൻ ജനറൽ അസംബ്ലിയിൽ (യുഎൻജിഎ) ഒലീന അഭ്യര്‍ഥിച്ചത്.
റഷ്യയുടെ സൗഹൃദരാജ്യമായ ബെലാറസിലെ സ്റ്റേറ്റ്ന്യൂസ് ഏജൻസിയായ ബെൽറ്റ പുറത്തുവിട്ട ചില ചിത്രങ്ങളേയും ഉദ്ധരിച്ചാണ് ലോകനേതാക്കളുടെ സഹായം യുക്രൈന്‍ തേടിയത്. ബെലാറസിന്റെ ചുവപ്പും പച്ചയും കലർന്ന പതാക യുക്രൈന്‍ കുട്ടികൾ കയ്യിൽ പിടിച്ചിരിക്കുന്നതും സല്യൂട്ട് ചെയ്യുന്നതുമായ ദൃശ്യങ്ങളാണ് ബെൽറ്റ പ്രസിദ്ധീകരിച്ചത്.