യു എസുമായുള്ള ഒരു പ്രധാന ധാതുകരാറിന്റെ നിബന്ധനകൾ യുക്രൈൻ അംഗീകരിച്ചതായി കീവിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചതായി ബി ബി സി റിപ്പോർട്ട് ചെയ്തു. കരാറിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് മുന്നോട്ടുപോയിരിക്കുന്നതെന്ന്, കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താതെ ഉദ്യോഗസ്ഥൻ അറിയിച്ചു.
പ്രകൃതിവിഭവങ്ങൾ ഉപയോഗിക്കുന്നതിലൂടെ ലഭിക്കാവുന്ന 500 ബില്യൺ ഡോളർ (£395 ബില്യൺ) വരുമാനത്തിനുള്ള അവകാശം എന്ന പ്രാരംഭ ആവശ്യങ്ങൾ വാഷിംഗ്ടൺ ഉപേക്ഷിച്ചതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ യുദ്ധത്തിൽ തകർന്ന യുക്രൈന് ഉറച്ച സുരക്ഷാഗ്യാരണ്ടികൾ നൽകിയിട്ടില്ല. ഇത് യുക്രൈന്റെ ഒരു പ്രധാന ആവശ്യമാണ്.
ഇരുനേതാക്കളും പരസ്പരം ശക്തമായ വാക്കുകൾ കൈമാറിയതിനുശേഷം, ഈ ആഴ്ച വാഷിംഗ്ടണിൽവച്ച് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി കരാറിൽ ഒപ്പുവയ്ക്കുമെന്നു പ്രതീക്ഷിക്കുന്നതായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
ഒരു കരാറിലെത്തിയെന്ന് സ്ഥിരീകരിക്കാതെ, കരാറിനു പകരമായി യുക്രൈന് ‘പോരാടാനുള്ള അവകാശം’ ലഭിക്കുമെന്ന് ട്രംപ് ചൊവ്വാഴ്ച പറഞ്ഞു. “അവർ വളരെ ധീരരാണ്” – അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു. എന്നാൽ “അമേരിക്കയും അതിന്റെ പണവും സൈനിക ഉപകരണങ്ങളും ഇല്ലായിരുന്നെങ്കിൽ ഈ യുദ്ധം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അവസാനിക്കുമായിരുന്നു” – അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രൈനിലേക്കുള്ള യു എസ് ഉപകരണങ്ങളുടെയും വെടിക്കോപ്പുകളുടെയും വിതരണം തുടരുമോ എന്ന ചോദ്യത്തിന്, “റഷ്യയുമായി ഒരു കരാർ ഉണ്ടാകുന്നതുവരെ; അല്ലാത്തപക്ഷം അത് തുടരും” എന്ന് അദ്ദേഹം പറഞ്ഞു. ഏതൊരു സമാധാന കരാറിനുശേഷവും യുക്രൈനിൽ ഏതെങ്കിലും തരത്തിലുള്ള സമാധാനപാലനം ആവശ്യമായിവരുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു. പക്ഷേ അത് “എല്ലാവർക്കും സ്വീകാര്യമായിരിക്കേണ്ടതുണ്ട്” എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ച, സെലെൻസ്‌കിയെ ഒരു ‘സ്വേച്ഛാധിപതി’ എന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. യുദ്ധം ആരംഭിച്ചതിന് റഷ്യയെയല്ല യുക്രൈനെയാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. 500 ബില്യൺ ഡോളറിന്റെ ധാതുസമ്പത്തിനായുള്ള യു എസ് ആവശ്യങ്ങൾ യുക്രേനിയൻ നേതാവ് നിരസിച്ചതിനെത്തുടർന്ന് അമേരിക്കൻ പ്രസിഡന്റ് റഷ്യ സൃഷ്ടിച്ച ‘തെറ്റായ വിവര ഇടത്തിൽ’ ജീവിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മൂന്നുവർഷം മുമ്പ് മോസ്കോ പൂർണ്ണതോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം, രാജ്യത്തിന് മുമ്പു നൽകിയ സൈനികവും മറ്റ് സഹായങ്ങൾക്കും പകരമായി യുക്രൈനിലെ ധാതുക്കൾ ലഭ്യമാക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടുവരികയാണ്.