കൊറിയ എന്ന രാജ്യത്തെ ഉത്തര കൊറിയ, ദക്ഷിണ കൊറിയ എന്നീ രണ്ടു രാജ്യങ്ങളായി വിഭജിച്ചതുപോലെ ഉക്രൈനെയും രണ്ടായി വിഭജിക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് ഉക്രൈൻ. റഷ്യയുടെ ഈ നടപടി ഭീരുത്വമാണെന്ന് ഉക്രൈൻ പ്രസിഡന്റായ വോളോഡിമർ സെലെൻസ്‌കി പ്രസ്താവിച്ചു.
റഷ്യയുടെ അധിനിവേശത്തെ ചെറുത്തുനിൽക്കാൻ ആവശ്യമായ യുദ്ധവിമാനങ്ങളും ടാങ്കുകളും ലഭ്യമാക്കണമെന്ന് സെലെൻസ്കി മറ്റ് രാജ്യങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. കിഴക്കൻ ഡോൺബാസ് മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിലാണ് ഇപ്പോൾ റഷ്യ ലക്ഷ്യം വച്ചിരിക്കുന്നതെന്നും ഈ നടപടി രാജ്യം വിഭജിക്കപ്പെടുന്നതിന് കാരണമാകാമെന്നും ഉക്രൈൻ നേതാക്കൾ ഭയപ്പെടുന്നു. റഷ്യയുടെ ഉക്രൈൻ അധിനിവേശം പല മേഖലകളെയും സ്തംഭിപ്പിച്ചു. ഉക്രൈൻ തലസ്ഥാനമായ കീവിനെ കീഴടക്കുകയായിരുന്നു റഷ്യയുടെ ആദ്യത്തെ ലക്‌ഷ്യം. എന്നാൽ യുഎസിൽ നിന്നും മറ്റ് പാശ്ചാത്യ സഖ്യകക്ഷികളിൽ നിന്നും ആയുധങ്ങൾ വാങ്ങി ഉക്രൈൻ റഷ്യയ്‌ക്കെതിരെ പോരാടിയതിന്റെ ഫലമായി റഷ്യ ഈ ഉദ്യമത്തിൽ പരാജയപ്പെട്ടു.
റഷ്യൻ അധിനിവേശം തുടങ്ങിയതുമുതൽ ദശലക്ഷക്കണക്കിന് ആളുകൾ ഉക്രൈനിൽ നിന്ന് പലായനം ചെയ്തിട്ടുണ്ട്. പലായനം ചെയ്തവർ ഉക്രൈൻ ജനസംഖ്യയുടെ ഏകദേശം നാലിലൊന്നുവരും. ആയിരക്കണക്കിന് സാധാരണക്കാർ ഇതിനോടകം ഉക്രൈനിൽ കൊല്ലപ്പെടുകയും ചെയ്തു.