വോഗ് മാഗസിന്റെ കവര്‍ സ്റ്റോറിയില്‍ ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയും ഭാര്യ ഒലേന സെലന്‍സ്‌കയുമാണ്. റഷ്യ – യുക്രൈന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ദമ്പതികളുടെ വോഗിലെ കവറിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. കൈവില്‍ വച്ചാണ് ഇരുവരും വോഗിന് അഭിമുഖം നല്‍കിയത്.
പോര്‍ട്രെയ്റ്റ് ഓഫ് ബ്രേവറി (ധീരതയുടെ ചിത്രം) എന്ന് പേരിട്ട് സെലന്‍സ്‌കയുടെ ചിത്രവും വോഗ് നല്‍കിയിട്ടുണ്ട്. പ്രസിഡന്റിന്റെ ഓഫീസിനുള്ളില്‍ ഇരിക്കുന്ന ചിത്രവും ഒപ്പം തകര്‍ന്ന കപ്പലിന് മുന്നില്‍ പട്ടാള വനിതകള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും വോഗ് മാഗസിന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. യുദ്ധഘട്ടത്തില്‍ ഒലേന സെലന്‍സ്‌ക നയതന്ത്രത്തില്‍ സുപ്രധാന പങ്കുവഹിച്ചുവെന്ന് വോഗ് കുറിച്ചു.
എന്നാല്‍ ചിത്രങ്ങള്‍ക്ക് സമ്മിശ്ര പതികരണമാണ് ലഭിക്കുന്നത്. ചിലര്‍ ഇതിനെ അതിമനോഹരമെന്നും ശക്തമെന്നും വിശേഷിപ്പിച്ചു. എന്നാല്‍ ചിലര്‍ വിമര്‍ശനവുമായെത്തി. രാജ്യം യുദ്ധം നയിക്കുമ്പോള്‍ ഇരുവരും മാഗസിനുവേണ്ടി പോസ് ചെയ്യുന്നുവെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം. ഇതൊരു തമാശയാണോ എന്നാണ് ചിലരുടെ ചോദ്യം. രാജ്യത്തെ ജനങ്ങള്‍ മരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവര്‍ ഫോട്ടോഷൂട്ട് ചെയ്യുന്നുവെന്ന ആക്ഷേപമാണ് മറ്റു ചിലര്‍ ഉയര്‍ത്തുന്നത്.
എന്നാല്‍ യുദ്ധം തടയാന്‍ സെലെന്‍സ്‌കി നടത്തുന്ന ശ്രമങ്ങളെ ജനങ്ങള്‍ അഭിനന്ദിക്കുമെന്നും അതിന് വോഗ് കവര്‍ തീര്‍ച്ചയായും സഹായിക്കുമെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.
150 ദിവസത്തിലേറെയായി യുക്രൈനില്‍ യുദ്ധം തുടരുകയാണ്. ആയിരക്കണക്കിന് പേരാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്.