റഷ്യയുടെ യുക്രൈന് അധിനിവേശത്തിന് പിന്നാലെ യുക്രൈന് പ്രസിഡന്റ് വൊളോദമിര്‍ സെലന്‍സ്കി മൂന്ന് തവണ വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്ച മൂന്ന് തവണയാണ് സെലന്‍സ്കിയെ വധിക്കാന്‍ ശ്രമമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുക്രൈനിയന്‍ രക്ഷാ സേനയുടെയും ഉദ്യോഗസ്ഥരുടെയും കൃത്യമായ ഇടപെടലുകള്‍ മൂലമാണ് സെലന്‍സ്കിയെ വധിക്കാനുള്ള ശ്രമം പാളിയതെന്ന് അന്താരാഷ്ട്ര മാധ്യമമായ ‘ദി ടൈംസ’് റിപ്പോര്‍ട്ട് ചെയ്യുന്നു.
റഷ്യയിലെ പ്രൈവറ്റ് മിലിറ്റന്റ് ഗ്രൂപ്പായ ദി വാഗ്നര്‍ ഗ്രൂപ്പ്, ചെച്ചാന്‍ റിബല്സ് എന്നീ രണ്ട് ഗ്രൂപ്പുകളാണ് സെലന്‍സ്കിയെ വധിക്കാനായെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസാണ് (എഫ്.എസ്.ബി) സെലന്‍സ്കിയെ കൊലപ്പെടുത്താന്‍ നിയോഗിക്കപ്പെട്ട ചെച്ചാന്‍ ഗ്രൂപ്പിനെ പറ്റി യുക്രൈന് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതെന്നും, ഈ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് യുക്രൈന് വേണ്ട വിധത്തിലുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സാധിച്ചതെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
റഷ്യ നല്കിയ മുന്നറിയിപ്പ് പ്രകാരം സെലന്‍സ്കിയെ വധിക്കാനെത്തിയ ചെച്ചാന്‍ റിബല്സിലെ എലീറ്റ് ഗ്രൂപ്പിനെ തീര്‍ത്തു എന്നാണ് യുക്രൈന് നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഡിഫന്‍സ് കൗണ്‍സില്‍ സെക്രട്ടറിയായ ഒലെക്സി ഡാനിലോവ് പറഞ്ഞത്. യുക്രൈന് തലസ്ഥാനത്തുവെച്ച് കഴിഞ്ഞ ശനിയാഴ്ച ചെച്ചാന്‍ ഗ്രൂപ്പിനെ വധിച്ചുവെന്നും, എഫ്.എസ്.ബിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയതെന്നും ഡാനിലോവ് പറയുന്നു.
എന്നാല്‍ തങ്ങളുടെ ആക്രമണത്തെ കുറിച്ച് യുക്രൈന് മുന്നറിയിപ്പ് ലഭിച്ചതായി വാഗ്നര്‍ ഗ്രൂപ്പിന് കൃത്യമായ അറിവുണ്ടായിരുന്നുവെന്നാണ് ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് വാഗ്നര്‍ ഗ്രൂപ്പിന് എവിടെ നിന്നുമാണ് വിവരം ലഭിച്ചതെന്നത് ഇപ്പോഴും അജ്ഞാതമാണെന്ന് സെലന്‍സ്കിയുടെ സുരക്ഷാ ഉഗ്യോഗസ്ഥര്‍ പറഞ്ഞതായും ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
സെലന്‍സ്കിയെ യുദ്ധമുഖത്തില്‍ നിന്നും സുരക്ഷിതമായി രക്ഷപ്പെടുത്താമെന്ന് അമേരിക്ക നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ആ വാഗ്ദാനം തിരസ്കരിച്ച സെലന്‍സ്കി യുക്രൈനില്‍ തന്നെ കഴിയാന്‍ തീരുമാനിക്കുകയായിരുന്നു.