റഷ്യൻ അധിനിവേശത്തെ ശക്തമായ ചെറുത്തുനിൽപ്പിലൂടെ നേരിടുകയാണ് ഉക്രൈൻ. യുദ്ധം എട്ടുമാസം പിന്നിട്ടതിനിടെ റഷ്യ പിടിച്ചടക്കിയ ഭൂപ്രദേശങ്ങളിൽ 50 ശതമാനവും തിരിച്ചുപിടിച്ചുവെന്ന് ഉക്രൈൻ അവകാശപ്പെട്ടു. ഇത് സൂചിപ്പിക്കുന്ന ഭൂപടം ഉക്രൈൻ കഴിഞ്ഞ ദിവസം പുറത്തിറക്കി.
ഫെബ്രുവരിയിൽ തുടങ്ങിയ യുദ്ധം തുടരുകയാണ്. കഴിഞ്ഞയാഴ്ച ഉക്രൈനിലെ കെർസണിൽനിന്ന് റഷ്യ പിന്മാറിയിരുന്നു.റഷ്യ പിടിച്ചടക്കിയ ഭൂപ്രദേശങ്ങളിൽ 50 ശതമാനവും ഉക്രൈൻ തിരിച്ചുപിടിച്ചുവെന്ന് അവകാശപ്പെടുന്ന ഭൂപടം എബിസി ന്യൂസിന്റെ വിദേശ പ്രതിനിധി ജെയിംസ് ലോങ്മാനാണ് ട്വിറ്ററിൽ പങ്കുവച്ചത്. മാർച്ച് – നവംബർ മാസങ്ങളിലെ ഉക്രൈനിന്റെ ഭൂപടങ്ങളാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
കെർസണിൽനിന്ന് റഷ്യ പിന്മാറിയതിന് പിന്നാലെ ഉക്രൈൻ സൈന്യം നഗരമധ്യത്തിൽ ദേശീയപതാക ഉയർത്തി. ഉക്രൈൻ പ്രസിഡന്റ് സെലൻസ്കി തിങ്കളാഴ്ച കെർസൺ സന്ദർശിച്ചിരുന്നു. യുദ്ധത്തിൽ റഷ്യയെ എതിർത്ത് രാജ്യത്തോടൊപ്പംനിന്നതിന് നാറ്റോ(NATO)യോടും മറ്റ് സഖ്യകക്ഷികളോടും അദ്ദേഹം നന്ദി പറഞ്ഞു.