യുക്രൈനിലെ വിവിധ മേഖലകള്‍ റഷ്യയില്‍ ചേരുന്നത് സംബന്ധിച്ച ഹിതപരിശോധനയ്ക്ക് തുടക്കം. ഡൊണ്‍ബാസ് മേഖലയിലെ സ്വതന്ത്ര റിപ്പബ്ലിക്കുകള്‍ ഡൊണെട്സ്‌ക്, ലുഹാന്‍സ്‌ക് എന്നിവയിലും യുദ്ധത്തില്‍ റഷ്യന്‍ നിയന്ത്രണത്തിലായ ഖെര്‍സണ്‍, സപൊറീഷ്യ എന്നിവിടങ്ങളിലുമാണ് ഹിതപരിശോധന. ഈ മേഖലകള്‍ ചേരുന്ന യുക്രയ്ന്റെ 15 ശതമാനം വരുന്ന ഭൂപ്രദേശം തങ്ങളുടെ ഭാഗമാകുന്നതോടെ ഇവയെ പ്രതിരോധിക്കാന്‍ ഏതറ്റംവരെയും പോകാമെന്നാണ് റഷ്യയുടെ നിലപാട്.
ലുഹാന്‍സ്‌ക്, ഡൊണെട്‌സ്‌ക് സ്വതന്ത്ര റിപ്പബ്ലിക്കുകളുടെ ഭരണനേതൃത്വം റഷ്യന്‍ അനുകൂലമാണ്. ഖെര്‍സണിലും ഹിതപരിശോധനാഫലം റഷ്യക്ക് അനുകൂലമാകാനാണ് സാധ്യത. ഇവിടെ റഷ്യന്‍ മാതൃകയിലുള്ള വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് മുമ്പേ തുടക്കം കുറിച്ചിരുന്നു.
എന്നാല്‍, ജനങ്ങളെ റഷ്യ ഭീഷണിപ്പെടുത്തി വോട്ട് ചെയ്യിക്കുകയാണെന്നും ഹിതപരിശോധന നടക്കുന്ന നാലുദിവസം പ്രദേശം വിട്ടുപോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും യുക്രയ്ന്‍ ആരോപിച്ചു. 2014ല്‍ സമാനമായ ഹിതപരിശോധനയിലൂടെയാണ് ക്രിമിയ റഷ്യയുടെ ഭാഗമായത്.