കോവിഡ് പ്രതിസന്ധിയും റഷ്യ-യുക്രൈയ്ന്‍ യുദ്ധവും കാരണം ഇന്ത്യയിലേക്കു മടങ്ങിയ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍തന്നെ പരീക്ഷയെഴുതാമെന്ന് സുപ്രീംകോടതി. യുക്രെയ്ന്‍, ചൈന, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നു പ്രതിസന്ധികാലങ്ങളില്‍ മടങ്ങിയവര്‍ക്കാണു സുപ്രീംകോടതിയില്‍ നിന്ന് ആശ്വാസം ലഭിച്ചിരിക്കുന്നത്.
അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഒറ്റത്തവണ പരീക്ഷ എഴുതാമെന്ന കേന്ദ്രനിര്‍ദേശം പരിഷ്‌കരിച്ചു രണ്ടുതവണയായിട്ടാണു സുപ്രീംകോടതി അവസരം നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇങ്ങനെ മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് എല്ലാവര്‍ക്കുമായി ഒരവസരം മാത്രമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
ഭാവിയില്‍ ഇത്തരം പ്രതിസന്ധികളുണ്ടായി മടങ്ങിയെത്തുന്നവര്‍ക്ക് ഇതു ബാധകമായിരിക്കില്ല. ഇതൊരു മനുഷ്യത്വവിഷയമായി പരിഗണിക്കണമെന്നു ഹര്‍ജി പരിഗണിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാരിനും ദേശീയ മെഡിക്കല്‍ കമ്മീഷനും സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു.