ഉക്രെയ്‌നില്‍ റോയിട്ടേഴ്‌സ് വാര്‍ത്താ സംഘം താമസിച്ചിരുന്ന ഹോട്ടലില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ റോയിട്ടേഴ്‌സിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന സുരക്ഷാ ഉപദേഷ്ടാവ് കൊല്ലപ്പെട്ടു. മുപ്പത്തിയെട്ടുകാരനായ മുന്‍ ബ്രിട്ടിഷ് സൈനികന്‍ റയാന്‍ ഇവാന്‍സ് ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഒരാളുടെനില ഗുരുതരമാണ്.
ക്രമറ്റോര്‍സ്‌ക് നഗരത്തിലെ ഹോട്ടല്‍ സഫയറില്‍ ശനിയാഴ്ച വൈകുന്നേരമാണ് മിസൈല്‍ ആക്രമണമുണ്ടായത്. ഉക്രെയ്ന്‍-റഷ്യ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ആറംഗ സംഘം താമസിച്ചിരുന്ന ഹോട്ടലിലേക്ക് റഷ്യയുടെ ഇസ്‌കന്ദര്‍-എം ബാലിസ്റ്റിക് മിസൈല്‍ ഇടിച്ചു കയറുകയായിരുന്നു. ആക്രമണത്തില്‍ ഹോട്ടലിന് പുറത്തുണ്ടായിരുന്ന ബഹുനില കെട്ടിടവും തകര്‍ന്നു. സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ സുരക്ഷിതരാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന് ഉക്രെയ്ന്‍ ആരോപിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ റഷ്യ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ഉക്രെയ്നിന്റെ കിഴക്കന്‍ ഖര്‍കിവ് മേഖലയിലും ഞായറാഴ്ച റഷ്യന്‍ വെടിവെപ്പുണ്ടായാതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും റീജിയണല്‍ ഗവര്‍ണര്‍ ഒലെഹ് സിനീഹുബോവ് പറഞ്ഞു. റഷ്യയില്‍ അതിര്‍ത്തി പ്രദേശമായ ബെല്‍ഗൊറോഡില്‍ ഉക്രേനിയന്‍ ഷെല്ലാക്രമണത്തില്‍ അഞ്ച് റഷ്യക്കാര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.