Monday, November 25, 2024

യുക്രൈന്‍ – റഷ്യ യുദ്ധം നിലപാട് കടുപ്പിച്ച് യു എന്‍

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികത്തിനു പിന്നാലെ യുക്രൈന്‍ റഷ്യ യുദ്ധത്തിനെതിരെ നിലപാട് കടുപ്പിച്ച് ഐക്യരാഷ്ട്ര സംഘടന. യുക്രൈനില്‍ നിന്നും റഷ്യന്‍ സേനയെ പിന്‍വലിക്കാനും യുദ്ധം അവസാനിപ്പിക്കാനും ഐക്യരാഷ്ട്രം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട പ്രമേയം യുഎന്‍ ജനറല്‍ അസംബ്ലി പാസാക്കി.

193 അംഗ പൊതുസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 141 അംഗരാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു. എന്നാല്‍ യുഎന്നിൽ നടത്തിയ വോട്ടെടുപ്പില്‍ ഇന്ത്യയും ചൈനയും ഉള്‍പ്പടെ 32 അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. 7 പേര്‍ പ്രമേയത്തെ എതിര്‍ത്തും രംഗത്തെത്തി. നയതന്ത്ര മാര്‍ഗങ്ങളിലൂടെ സമാധാനത്തിന് വേണ്ടി വാദിക്കുന്നതിനിടയില്‍ ഇന്ത്യ തുടര്‍ച്ചയായി യുഎന്‍ജിഎയില്‍ റഷ്യയ്ക്കെതിരെ വോട്ട് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെ തത്വങ്ങള്‍ക്ക് അനുസൃതമായി യുക്രൈനില്‍ സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനം എത്രയും വേഗം കൈവരിക്കേണ്ടതിന്റെ ആവശ്യകത പ്രമേയം അടിവരയിടുന്നു. ഇതിന് അനുസൃതമായുള്ള നയതന്ത്ര ശ്രമങ്ങള്‍ക്ക് ഇരട്ടി പിന്തുണ നല്‍കണമെന്ന് പ്രമേയം അംഗരാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും ആവശ്യപ്പെട്ടു.

Latest News