തങ്ങളുടെ പ്രദേശത്തു പ്രവർത്തിക്കുന്ന ഒരു ഹംഗേറിയൻ ചാരസംഘത്തെ തകർത്തതായി യുക്രേനിയൻ അധികൃതർ. രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് കടന്നുകയറ്റം ലക്ഷ്യമിട്ട് ബുഡാപെസ്റ്റ്, സൈനികവിവരങ്ങൾ ചോർത്തുന്നുണ്ടെന്നും യുക്രൈൻ ആരോപിച്ചു.
‘ഹംഗേറിയൻ സൈനിക ഇന്റലിജൻസിലെ ഒരു സ്റ്റാഫ് ഓഫീസർ’ ആണ് ചാരസംഘം നടത്തിയിരുന്നതെന്നും പടിഞ്ഞാറൻ പ്രദേശങ്ങളിലെ യുക്രൈന്റെ പ്രതിരോധത്തിലെ ദുർബലതകളെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തുന്നതിനാണ് ഈ ഓപ്പറേഷൻ രൂപകൽപന ചെയ്‌തിരിക്കുന്നതെന്നും യുക്രൈനിലെ സുരക്ഷാസേവനം (SBU) പറഞ്ഞു. എന്നാൽ ഹംഗറിയുടെ വിദേശകാര്യമന്ത്രി ആരോപണങ്ങൾ വെറും പ്രചാരണം മാത്രമാണെന്നു പറഞ്ഞു. ബുഡാപെസ്റ്റിലെ യുക്രേനിയൻ എംബസിയിൽ നയതന്ത്രസംരക്ഷണത്തിൽ പ്രവർത്തിക്കുന്ന ചാരന്മാർ എന്നു വിശേഷിപ്പിക്കപ്പെട്ട രണ്ട് യുക്രേനിയക്കാരെ പുറത്താക്കുന്നതായി വിദേശകാര്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.
ഇതിനകം തന്നെ, രണ്ട് അയൽരാജ്യങ്ങൾ തമ്മിൽ വഷളായ ബന്ധം ഈ ആരോപണങ്ങളാൽ കൂടുതൽ രൂക്ഷമാകും. ഹംഗറി, നാറ്റോയിലും യൂറോപ്യൻ യൂണിയനിലും അംഗമാണെങ്കിലും ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടർ ഓർബൻ യൂറോപ്യൻ നേതാക്കൾക്കിടയിൽ ഒരു അസാധാരണ വ്യക്തിയാണ്. ഹംഗറി കീവിനെ ശക്തമായി വിമർശിക്കുകയും റഷ്യയോട് നിഷ്പക്ഷത പുലർത്തുകയും ചെയ്യുന്നു.