Monday, November 25, 2024

കിഴക്കന്‍ യുക്രെയ്‌നില്‍ സ്‌കൂളിനു നേരേ റഷ്യയുടെ റോക്കറ്റ് ആക്രമണം; മൂന്നു പേര്‍ മരിച്ചു

കിഴക്കന്‍ യുക്രെയ്‌നില്‍ സ്‌കൂളിനു നേരേ റഷ്യ റോക്കറ്റ് ആക്രമണം നടത്തി. മൂന്നു മൃതദേഹങ്ങള്‍ പ്രദേശത്തുനിന്നു കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച ഖാര്‍ക്കീവില്‍ റഷ്യ കനത്ത ബോംബിംഗാണു നടത്തിയത്. മൂന്നു പേര്‍ കൊല്ലപ്പെടുകയും 23 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

കിഴക്കന്‍ യുക്രെയ്‌നെ കൂടാതെ മറ്റു പ്രദേശങ്ങളും പിടിച്ചെടുക്കാന്‍ യുദ്ധം വ്യാപിപ്പിക്കാനാണു റഷ്യയുടെ പദ്ധതി. ഡോണ്‍ബാസ് മേഖല പിടിച്ചെടുക്കുന്നതായി റഷ്യ ഒരു മാസത്തിലേറയായി പോരാട്ടത്തിലാണ്.

ഡൊണേട്‌സ്‌കിലെ ക്രാമറ്റോസ്‌കില്‍ റഷ്യയുടെ ഷെല്ലിംഗില്‍ ഒരു സ്‌കൂളും 85 വീടുകളും തകര്‍ന്നതായി യുക്രെയ്ന്‍ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. റഷ്യ, സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും നേരേ ആക്രമണം നടത്തുകയാണെന്ന് ഡൊണേട്‌സ്‌ക് ഗവര്‍ണര്‍ പാവ്ലോ കിറിലെന്‍ഗോ പറഞ്ഞു.

എന്നാല്‍, മിസൈല്‍ ആക്രമണത്തില്‍ 300 യുക്രെയ്ന്‍ സൈനികരെ വധിച്ചതായി റഷ്യ പ്രതിരോധമന്ത്രാലയം വക്താവ് ലഫ്. ജനറല്‍ ഇഗ്‌നോര്‍ കൊനാഷെന്‍കോവ് പറഞ്ഞു. ക്രാമറ്റോസ്‌കിലെ സ്‌കൂള്‍ കെട്ടിടമാണു യുക്രെയ്ന്‍ സൈന്യം താവളമാക്കിയിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. മിക്കോലെവിലെ വ്യവസായ മേഖലയിലെ ആയുധ ഡിപ്പോയും തകര്‍ത്തതായി അദ്ദേഹം പറഞ്ഞു.

 

Latest News