Friday, April 11, 2025

റോക്കറ്റ് ആക്രമണം കടുപ്പിച്ച് റഷ്യ; പ്രതിരോധം ശക്തമാക്കി ഉക്രെയ്ൻ

ഉക്രെയ്നിലെ ഹർകീവിലും ഡോണെറ്റ്സ്കിലും സാപൊറീഷ്യയിലും കനത്ത ആക്രമണം നടത്തി റഷ്യൻ സൈന്യം. ഷെവ്ചെങ്ക്വ്സ്കി ജില്ലയിൽ രണ്ടു സർക്കാർ ഓഫീസുകൾ ഡ്രോൺ ആക്രമണത്തിൽ തകർന്നു എങ്കിലും ശക്തമായ പ്രതിരോധം ഏർപ്പെടുത്തുവാൻ ഉക്രെയ്ന് കഴിഞ്ഞു. തലസ്ഥാനനഗരം ലക്ഷ്യമിട്ടു റഷ്യ അയച്ച 13 ഡ്രോണുകൾ ഉക്രൈൻ സേന വെടിവച്ചിട്ടു.

റഷ്യയിലെ ഒരു എയർസ്ട്രിപ്പിൽ ഈ മാസാദ്യം ഉക്രെയ്ൻ നടത്തിയ ആക്രമണങ്ങൾക്കു തിരിച്ചടിയായാണ് റഷ്യ ആക്രമണം ശക്തമാക്കിയത്. ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഉക്രെയ്നിന് അത്യാധുനിക പേട്രിയട്ട് മിസൈൽ പ്രതിരോധ സംവിധാനം നൽകുന്നതു സംബന്ധിച്ച് യു എസ് തീരുമാനം ഇന്നു ഉണ്ടാകും. യുഎസും യൂറോപ്യൻ രാജ്യങ്ങളും മറ്റു വ്യോമപ്രതിരോധ സംവിധാനം നൽകിയിട്ടുണ്ടെങ്കിലും പേട്രിയട്ട് ലഭിച്ചാൽ ഊർജോൽപാദന, വിതരണ സംവിധാനങ്ങളെ ലക്ഷ്യമിട്ടുള്ള റഷ്യയുടെ മിസൈൽ, ഡ്രോൺ ആക്രമണത്തെ പൂർണ്ണമായി ചെറുക്കാൻ ഉക്രെയ്നു കഴിയും.

സമാധാന ഉടമ്പടിക്കു മുന്നോടിയായി റഷ്യൻ സേന ക്രിസ്തുമസിനു മുൻപ് പിന്മാറ്റം ആരംഭിക്കണമെന്ന ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ അഭ്യർഥനയോടു റഷ്യ പ്രതികരിച്ചിട്ടില്ല. ഓരോ ദിവസം കഴിയും തോറും ആക്രമണം ശക്തമാകുന്ന കാഴ്ചയാണ് കാണുന്നത്.

Latest News