റഷ്യന്‍ സൈന്യത്തിന്റെ ആറ് വിമാനങ്ങളും ഹെലികോപ്ടറുകളും തകര്‍ത്തതായി യുക്രൈയിന്‍ സൈന്യം. തിരിച്ചടിയില്‍ 50 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. യുക്രൈയിന്റെ കിഴക്ക് ഭാഗത്തുള്ള വിമത പ്രദേശത്ത് നടത്തിയ തിരിച്ചാക്രമണത്തിലാണ് വിമാനങ്ങളും ഹെലികോപ്ടറുകളും തകര്‍ത്തതെന്ന് യുക്രൈയിന്‍ സൈനിക മേധാവി പറഞ്ഞു.
ശാസ്ത്യ പ്രദേശത്ത് വെച്ച് നടന്ന പ്രത്യാക്രമണത്തിലാണ് 50 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതെന്ന് ജോയിന്റ് ഫോഴ്‌സ് കമാന്റിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ യുക്രൈയിനിലെ സെന്ററല്‍ ബാങ്കുകളില്‍ പണം പിന്‍വലിക്കുന്നതിനും പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം ഒരാള്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കുന്ന പരമാവധി തുക 100,000 ഹ്രീവ്‌നിയ (യുക്രൈയിന്‍ കറന്‍സി) ആയി പരിമിതപ്പെടുത്തിയതായി സെന്ററല്‍ ബാങ്ക് ഗവര്‍ണര്‍ അറിയിപ്പ് നല്‍കി.
റഷ്യന്‍ ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പമ്പുകളിലും എടിഎം കൗണ്ടറുകള്‍ക്ക് മുന്നിലും നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. വ്യാഴാഴ്ച രാവിലെ ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പായി കീവില്‍ സൈറണും മുഴങ്ങിയിരുന്നു. ഇതിനുപിന്നാലെ ജനങ്ങളെല്ലാം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറികൊണ്ടിരിക്കുകയാണ്. വന്‍ തിരക്കാണ് നിരത്തുകളില്‍.