യുക്രൈൻ, റഷ്യയിലെ സൈനിക സ്ഫോടകവസ്തു നിർമാണഫാക്ടറിയും ലിപെറ്റ്സ്ക് മേഖലയിലെ ഒരു സൈനിക ഗോഡൗണും ആക്രമിച്ചതായി യുക്രൈൻ ആർമി ജനറൽ സ്റ്റാഫ്. മോസ്കോയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ കിഴക്ക്, നിസ്നി നോവ്ഗൊറോഡ് മേഖലയിലെ ഡിസർജിൻസ്ക് നഗരത്തിലെ യാ എം സ്വെർഡ്ലോവ് സ്റ്റേറ്റ് ഉടമസ്ഥതയിലുള്ള എന്റർപ്രൈസസിനെ ആക്രമിക്കാൻ ഡ്രോണുകൾ ശ്രമിച്ചതായി റഷ്യൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഇത്തരം വലിയ തോതിലുള്ള വ്യോമാക്രമണങ്ങൾ റഷ്യയിൽ താരതമ്യേന അപൂർവമാണ്.
2022 ഫെബ്രുവരിയിൽ യുക്രൈനെതിരെ മോസ്‌കോ ആരംഭിച്ച യുദ്ധത്തിൽ റഷ്യൻ സൈന്യം ഉപയോഗിക്കുന്ന സ്ഫോടനസാമഗ്രികളുടെ ഏറ്റവും വലിയ നിർമാതാക്കളിൽ ഒന്നായ സ്വെർഡ്ലോവ് പ്ലാന്റ് അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും ഉപരോധത്തിനു വിധേയമാണ്.
സ്വെർഡ്‌ലോവ് ഫാക്ടറി പീരങ്കി വെടിക്കോപ്പുകൾക്കും വ്യോമബോംബുകൾക്കുമായി രാസഘടകങ്ങൾ നിർമിക്കുന്നുണ്ടെന്നും യുക്രൈൻ ആക്രമണത്തിൽ ഫാക്ടറിക്കു ഭവിച്ച നാശനഷ്ടങ്ങൾ വിലയിരുത്തുകയാണെന്നും ആർമി ജനറൽ സ്റ്റാഫ് പറഞ്ഞു.
യുക്രേനിയൻ ആക്രമണം സ്വെർഡ്ലോവ് പ്ലാന്റിന്റെ പ്രദേശത്ത് ശക്തമായ സ്ഫോടനങ്ങൾക്കു കാരണമായെന്ന് നവമാധ്യമ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ആക്രമണത്തിൽ എത്ര പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വ്യക്തമല്ല. അതേസമയം, റഷ്യയുടെ വ്യോമ പ്രതിരോധസേന രാജ്യത്തിനു മുകളിലൂടെ പറന്ന 110 യുക്രേനിയൻ ഡ്രോണുകൾ തകർത്തതായി റഷ്യയുടെ പ്രതിരോധമന്ത്രാലയം അറിയിച്ചു.